തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതി രാഹുൽ മങ്കൂട്ടത്തിലിന്റെ അറസ്റ്റ് വൈകുന്നതിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. രാഹുലിൻ്റെ അറസ്റ്റ് നീട്ടുന്നത് രാഷ്ട്രീയ നാടകമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ പക്ഷം. സ്വർണക്കൊള്ള മറയ്ക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണ് ഇതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
രാഹുലിനെതിരെ പരാതി ലഭിക്കുമെന്ന് തലേദിവസം തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിന് അറിയാമായിരുന്നെന്ന് വി.ഡി. സതീശൻ ആരോപിക്കുന്നു. പരാതി ലഭിച്ചുകഴിഞ്ഞാലുള്ള തുടർനടപടികളെക്കുറിച്ച് മുഖ്യമന്ത്രിക്ക് കൃത്യമായ ബോധ്യമുണ്ട്. ഒരു സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിചാരിച്ചാൽ നേരത്തെ തന്നെ അറസ്റ്റ് നടക്കുമായിരുന്നു. എന്നാൽ അന്ന് അറസ്റ്റ് ചെയ്യാതെ ഇന്നും രാഹുലിനെ തിരഞ്ഞ് നടക്കുകയാണ് അന്വേഷണ സംഘം. രാഹുലിൻ്റെ അറസ്റ്റ് അല്ല, മറിച്ച് ശബരിമലക്കൊള്ള മറയ്ക്കലാണ് സർക്കാരിൻ്റെ ലക്ഷ്യമെന്നും വി.ഡി. സതീശൻ ആരോപിച്ചു.
എല്ലാ തരത്തിലുമുള്ള പ്രതികളെ സിപിഐഎം സംരക്ഷിക്കുമ്പോൾ, കുറ്റാരോപിതർക്കെതിരെ കൃത്യമായ നടപടിയെടുക്കുന്ന കോൺഗ്രസിനെകുറിച്ച് അഭിമാനിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. സിപിഐഎമ്മിന് മുന്നിൽ നിരവധി പരാതികളാണ് എത്തിയിരിക്കുന്നത്. എന്നാൽ അതൊന്നും പൊലീസിന് കൈമാറാൻ പോലും സിപിഐഎം തയ്യാറാകുന്നില്ല. ബലാത്സംഗ ക്കേസിൽ പിടികൂടിയവരെ വരെ കൈ പിടിച്ച് ഉയർത്തിയ ആളാണ് മുഖ്യമന്ത്രി. കുറ്റാരോപിതനായ എം. മുകേഷിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി കൂടി പ്രഖ്യാപിക്കട്ടെയെന്നും വി.ഡി. സതീശൻ പരിഹാസരൂപേണ പറഞ്ഞു.
അടൂർ പ്രകാശും സർക്കാരിനെതിരെ ആരോപണവുമായി രംഗത്തെത്തി. രാഹുൽ എവിടെയുണ്ടെന്ന് അറിയാവുന്ന ഏക വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നാണ് അടൂർ പ്രകാശിൻ്റെ പ്രസ്താവന. രാഹുൽ എവിടെയുണ്ടെന്ന് ഉദ്യോഗസ്ഥർക്കും ആഭ്യന്തര വകുപ്പിനും അറിയാം. പ്രതിയെ പിടികൂടാതെ തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടിക്കൊണ്ട് പോകാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അടൂർ പ്രകാശ് ആരോപിച്ചു.