തിരുവനന്തപുരം: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊലീസ് ക്രിമിനലുകള്‍ക്കെതിരെ ഇന്നുതന്നെ നടപടിയെടുക്കണം. നരാധമന്മാര്‍ സ്വന്തം വകുപ്പിലെ ഉദ്യോഗസ്ഥരെന്നു പറയുന്നതില്‍ മുഖ്യമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേയെന്നും വി.ഡി. സതീശൻ ചോദിച്ചു.
സുജിത്തിനെ കുന്നംകുളം പൊലീസ് മര്‍ദിച്ച ദൃശ്യം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഇവര്‍ പൊലീസുകാരല്ല, കാക്കി വേഷധാരികളായ നരാധമന്മാരാണ്. പൊലീസ് സ്റ്റേഷനുകള്‍ കൊലക്കളങ്ങളാക്കാന്‍ മടിയില്ലാത്ത ക്രിമിനലുകളുടെ സംഘമാണ്. ഇത്തരം സംഘങ്ങളെ വളര്‍ത്തുന്നത് സിപിഐഎമ്മും അവരെ നിയന്ത്രിക്കുന്ന ഉപജാപക സംഘങ്ങളുമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
"സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തു എന്നതാണ് സുജിത്തിനെതിരെ പൊലീസുകാര്‍ ചുമത്തിയ കുറ്റം. കുന്നംകുളം എസ്ഐയായിരുന്ന നുഹ്മാന്റെ നേതൃത്വത്തിലായിരുന്നു ക്രൂരമര്‍ദനം. സ്റ്റേഷനില്‍ കൊണ്ടു വന്നതു മുതല്‍ മൂന്നിലധികം പൊലീസുകാര്‍ ചേര്‍ന്ന് വളഞ്ഞിട്ട് തല്ലി. കുനിച്ചു നിര്‍ത്തി പുറത്തും മുഖത്തും മര്‍ദിച്ചു. സുജിത്തിന്റെ കേള്‍വി ശക്തി നഷ്ടമായി. കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ച പൊലീസ് നീക്കവും പൊളിഞ്ഞു. 2023ല്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമ പ്രകാരം ലഭ്യമായത്", വി.ഡി. സതീശൻ പറഞ്ഞു.
പൊലീസിലെ ക്രിമിനലുകളെ വളര്‍ത്തുന്നതില്‍ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും പങ്കുണ്ട്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ രക്ഷാപ്രവര്‍ത്തനമായി വ്യാഖ്യാനിച്ച മുഖ്യമന്ത്രി ഈ ദൃശ്യങ്ങള്‍ കാണണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇവര്‍ മുഖ്യമന്ത്രിയുടെ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നവർ ആണെന്നു പറയാന്‍ ലജ്ജ തോന്നുന്നില്ലേ? കാക്കിയിട്ട ഈ മനുഷ്യ മൃഗങ്ങളെ ഒരു നിമിഷം പോലും സര്‍വീസില്‍ വച്ചുകൊണ്ടിരിക്കരുത്. ഇന്നു തന്നെ കര്‍ശന നടപടിയെടുക്കണം. ഇഷ്ടക്കാരെങ്കില്‍ ക്രിമിനലുകളെയും സംരക്ഷിക്കുന്ന പതിവുരീതി തുടര്‍ന്നാല്‍ കോണ്‍ഗ്രസും യുഡിഎഫും രൂക്ഷമായി പ്രതികരിക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.