കൊച്ചി: എല്ലാ കളങ്കിതമായ ഇടപാടുകളിലും സിപിഐഎം നേതാക്കൾക്ക് പങ്കുണ്ട് എന്നതിൻ്റെ വ്യക്തമായ തെളിവാണ് തൃശൂരിൽ നിന്നും പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കരുവന്നൂരിൽ 400 കോടിയിലധികം രൂപയാണ് പാവപ്പെട്ട ജനങ്ങളിൽ നിന്നും സിപിഐഎം നേതാക്കൾ കൊള്ളയടിച്ചത്. ഗുരുതരമായ അഴിമതിക്കേസിൽ പ്രതികൾ ആകേണ്ട നേതാക്കളെ തൃശൂർ പാർലിമെൻ്റ് തെരഞ്ഞെടുപ്പിൽ ഇഡി സംരക്ഷിച്ചു. കൊള്ളക്കാരുടെ കവർച്ചാ സംഘമാണ് സിപിഐഎം നേതൃത്വം എന്നു പറഞ്ഞത് പ്രതിപക്ഷമല്ല ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ആണെന്നും വി.ഡി. സതീശൻ പറഞ്ഞു.
പിണറായി സർക്കാരിൻ്റെ അവസാനത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. വ്യാപകമായുള്ള കസ്റ്റഡി മർദനത്തിൻ്റെ കഥകളാണ് എല്ലാ ദിവസവും പുറത്തുവരുന്നത്. പാർട്ടി നേതാക്കളുടെ അഴിമതി പുറത്തുവരുമെന്ന് ഭയന്ന് ഡിവൈഎഫ്ഐ നേതാവിനെ അഴിമതിക്കേസിൽ പെടുത്തി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി തല്ലിക്കൊന്നുവെന്ന ആരോപണം ഉന്നയിച്ചത് അയാളുടെ കുടുംബമാണ്. ഡിവൈഎഫ്ഐ നേതാവിന് പോലും സമാധാനമില്ലാത്ത സ്ഥിതിയാണ് കേരളത്തിൽ, വി.ഡി. സതീശൻ
തൃശൂരിൽ കെഎസ്‌യു നേതാക്കളെ മുഖം മൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയതിലും വി.ഡി. സതീശൻ വിമർശനം ഉന്നയിച്ചു. കേരളത്തിലെ പൊലീസ് എങ്ങോട്ടാണ് പോകുന്നതെന്ന് വി.ഡി. സതീശൻ ചോദിച്ചു. പൊലീസിന് സംരക്ഷണം നൽകുന്നത് പാർട്ടി നേതാക്കളാണ്. കെഎസ്‌യു നേതാക്കളെ കള്ളക്കേസിൽ കുടുക്കിയത് പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടിട്ടാണെന്നും വി.ഡി. സതീശൻ പറഞ്ഞു. രാജവിനേക്കാൾ രാജഭക്തി കാണിക്കുന്ന ഒരു പൊലീസുകാരും കാക്കിയിട്ട് നടക്കില്ല. അത് ഓർത്തുവെച്ചോളുവെന്നും വി.ഡി. സതീശൻ ആഞ്ഞടിച്ചു. കേരളത്തിൻ്റെ ആഭ്യന്തരമന്ത്രി മൗനം വെടിഞ്ഞ് ഇതിനെല്ലാം ഉത്തരം പറയണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.