കണ്ണൂർ: ശബരിമല സ്വർണക്കൊള്ളയിൽ അടൂർ പ്രകാശിനെ സംരക്ഷിച്ച് കോൺഗ്രസ്. അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റി രണ്ട് പേരുടെ കൂടെ നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട് എന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. ശബരിമല കേസിൽ പ്രതികൾ തെളിവുകൾ നശിപ്പിച്ചേക്കുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. നിലവിലെ അന്വേഷണത്തിൽ ഉത്കണ്ഠയുണ്ട്. പുറത്തിറങ്ങുന്ന പ്രതികൾ തെളിവുകൾ നശിപ്പിച്ചേക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
എസ്എൻഡിപി, എൻഎസ്എസ് നേതാക്കളുടെ വിമർശനം
എസ്എൻഡിപി, എൻഎസ്എസ് നേതാക്കളുടെ തനിക്കെതിരായ വിമർശനം വ്യക്തിപരമെന്ന് വി.ഡി. സതീശൻ പറഞ്ഞു. യുഡിഎഫിനെയല്ല തന്നെയാണ് വിമർശിച്ചത്. അവരെ തിരിച്ച് ഒന്നും പറയുന്നില്ല. അവർ പ്രായമുള്ളവരാണ്, അവർ വിമർശിക്കട്ടെ. തിരുത്താനുണ്ടെങ്കിൽ തിരുത്താം. നിലവിലെ വിമർശനത്തിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
പുതുയുഗ യാത്ര
തകർച്ചയെ നേരിടുന്ന സംസ്ഥാനമാണ് കേരളമെന്ന് വി.ഡി. സതീശൻ പറഞ്ഞു. സാമ്പത്തികമായി ഇത്രയേറെ തകർന്നടിഞ്ഞ അവസ്ഥ ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. യുവാക്കൾ സംസ്ഥാനം വിടുന്നു. അഞ്ച് വർഷത്തിനുള്ളിൽ കേരളം വൃദ്ധസദനമാകും. ഭാവി കേരളം എങ്ങനെ വേണം എന്നാണ് പുതുയുഗ യാത്ര വിഭാവനം ചെയ്യുന്നത്. എൽഡിഎഫ് തോറ്റിടത്ത് യുഡിഎഫ് ജയിക്കുന്ന കാഴ്ചയാണ് മുന്നോട്ടു വയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പിന്തുണ
ജമാഅത്തെ ഇസ്ലാമി പിന്തുണയെ വി.ഡി. സതീശൻ സ്വാഗതം ചെയ്തു. പിന്തുണ നൽകിയാൽ സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമി മത രാഷ്ട്രവാദത്തെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മത രാഷ്ട്രവാദം പറയുമ്പോൾ അവർ സിപിഐഎമ്മിന് ഒപ്പമായിരുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.