KERALA

"തൃശൂരിലെ കോണ്‍ഗ്രസ് നേതാക്കളുമായി പിണക്കമുണ്ടെന്നത് സത്യം"; വിഭാഗീയതയില്‍ അതൃപ്തി തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശന്‍

പത്രാസിനു പുറകെ പോയാല്‍ ഭരണത്തില്‍ ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍

Author : ന്യൂസ് ഡെസ്ക്

തൃശൂർ കോൺഗ്രസിലെ വിഭാഗീയതയിൽ അതൃപ്തി തുറന്നു പറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ. മറ്റു ജില്ലകളിൽ ജയിച്ചിട്ടും തൃശൂരിൽ തോറ്റതിന്റെ കാരണം പരിശോധിക്കണം. തൃശൂരിലെ നേതാക്കളോട് തനിക്ക് പിണക്കമുണ്ട്. അടുത്ത വട്ടം എല്ലാ സീറ്റും ജയിച്ചാലേ പിണക്കം മാറൂ. പത്രാസിന്റെ പുറകെ പോയാൽ ഭരണത്തിൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂർ ഡിസിസി ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതൽ സമയം തിരുവനന്തപുരത്ത് സമയം ചെലവിടേണ്ടതു കൊണ്ടാണ് തൃശൂരിൽ വരാതിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തൃശൂരില്‍ മാത്രമല്ല, മറ്റു പല ജില്ലകളിലും ഇതുവരെ പോകാൻ കഴിഞ്ഞിട്ടില്ല. വാക്കു വാക്കാണെന്നും ഉറപ്പ് പാലിക്കാൻ ഉള്ളതാണെന്നും കോൺഗ്രസ് തിരുത്തിയെഴുതും. പത്രാസിനു പുറകെ പോയാല്‍ ഭരണത്തില്‍ ഒന്നും ചെയ്യാനാകില്ല. തനിക്ക് ഉറപ്പായിരുന്നു നൂറിലധികം സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്ന്. ചില ചാനലുകളുടെ സർവേ നമ്മളെ തോൽപ്പിക്കാൻ ശ്രമിച്ചു. അഞ്ച് ജില്ലകള്‍ തൂത്തുവാരുമെന്ന് തെരഞ്ഞെടുപ്പിനു മുമ്പ് താന്‍ പറഞ്ഞു. തൃശൂരിന്റെ കാര്യം മിണ്ടിയില്ല. എങ്ങനെ മറ്റു ജില്ലകള്‍ ജയിച്ചു, തൃശൂരില്‍ തോറ്റു എന്ന് പരിശോധിക്കണം.

താൻ അടക്കമുള്ളവർ ജയിച്ച അന്നുമുതൽ തന്നെ അടുത്ത തെരഞ്ഞെടുപ്പിനുള്ള പ്രവർത്തനം തുടങ്ങും. തൃശൂരിൽ അതുണ്ടായില്ല, ഇപ്രാവശ്യം പ്രസംഗം കേട്ടിട്ടു പലരും പല വഴിക്ക് പിരിഞ്ഞു. രണ്ടുവർഷംകൊണ്ട് 14ൽ 14സീറ്റും എറണാകുളത്ത് ജയിക്കുമെന്ന് താൻ തൃശൂരിൽ പറഞ്ഞിരുന്നു, അത് സംഭവിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ 13 സീറ്റും ജയിച്ചാലേ തന്റെ പിണക്കം മാറൂ. പാർലമെൻറ് തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ടീമായി തൃശൂര്‍ കോൺഗ്രസ് പ്രവർത്തിച്ചാൽ മാത്രമേ തന്റെ പിണക്കം മാറൂ. നാല് സീറ്റേ ജയിച്ചുള്ളൂ എന്നു കരുതി തൃശൂരിനോട് അവഗണന കാട്ടില്ല. തൃശൂരിന്റെ വികസന കാര്യങ്ങൾക്ക് പ്രത്യേക പരിഗണന ഉണ്ടാകും. യുഡിഎഫ് സർക്കാരിൻറെ പ്രധാന പദ്ധതികൾ തൃശൂരില്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT