തിരുവനന്തപുരം: കേരളത്തിൻ്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ ഇന്ന് പുറത്തിറക്കും. രാവിലെ എട്ട് മണിക്ക് ചേരുന്ന മന്ത്രിസഭായോഗം ധവളപത്രത്തിന് അംഗീകാരം നൽകും. നിയമസഭയുടെ മേശപ്പുറത്ത് വെക്കുന്ന ധവളപത്രം ആസ്പദമാക്കി ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസാരിക്കും.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സാമ്പത്തിക നീക്കിയിരുപ്പ്, ബാധ്യത തുടങ്ങിയ വിശദാംശങ്ങൾ ധവളപത്രത്തിൽ ഉണ്ടാകും. കടന്നുപോയ 10 വർഷത്തെ ധന വിനിയോഗവും, നികുതി പിരിവിൽ ഉണ്ടായ വീഴ്ചകളും, സർക്കാർ ചൂണ്ടിക്കാട്ടും. കേന്ദ്രസർക്കാരിൽ നിന്ന് ലഭിച്ച സാമ്പത്തിക സഹായത്തിൻ്റെ കണക്കുകളും അതിൻ്റെ വിനിയോഗവും സംബന്ധിച്ച കാര്യങ്ങളും വിശദമായി അവതരിപ്പിക്കാനാണ് സർക്കാർ തീരുമാനം.
സാമ്പത്തിക പരിഷ്കരണത്തിനുള്ള നിർദേശങ്ങൾ ധവളപത്രത്തിലുണ്ട്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കാൻ ക്യാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിൽ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. സമിതിയുടെ കണ്ടെത്തലുകൾ വി.ഡി. സർക്കാരിൻ്റെ ആദ്യ ബജറ്റിനെയും സ്വാധീനിക്കും.
സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ തന്നെ വിസ്മയിപ്പിക്കുന്ന ധവളപത്രം വരുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. ധവളപത്രമെന്ന ഉമ്മാക്കി കാട്ടി വായടിപ്പിക്കാൻ നോക്കേണ്ട എന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മറുപടി.