KERALA

"ആര് എന്ത് കളി കളിച്ചിട്ടും കാര്യമില്ല, വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കും"- കെ.മുരളീധരൻ

മുഖ്യമന്ത്രി ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രിസഭയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: മന്ത്രിസഭയിലെ തർക്കത്തിൽ ആശങ്ക വേണ്ടെന്ന് മന്ത്രി കെ. മുരളീധരൻ.ആര് എന്ത് രാഷ്ട്രീയ നീക്കം നടത്തിയാലും കാര്യമില്ലെന്നും വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അഞ്ചുവർഷം പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ സംവിധാനത്തിൽ അഭിപ്രായവ്യത്യാസങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. എന്നാൽ മുഖ്യമന്ത്രി ശക്തമായി മുന്നോട്ടുപോകുമെന്നും മന്ത്രിസഭയ്ക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രിക്കെതിരെ കേസെടുത്തത് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി. കേസെടുക്കാൻ ഗവർണറും അനുമതി നൽകിയിരുന്നു. എല്ലാ തരത്തിലും തട്ടിപ്പാണ് നടന്നതെന്നും സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ തട്ടിയെടുത്തുവെന്ന ആരോപണം ഗൗരവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥൻ ഡ്രൈവറെ മർദിച്ച സംഭവത്തിലും ശക്തമായ നടപടി ഉണ്ടാകുമെന്നും മുരളീധരൻ വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ സർക്കാർ ഗൗരവമായ ഇടപെടൽ നടത്തണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. എന്നാൽ പത്മജയുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രതികരിക്കാൻ മന്ത്രി തയ്യാറായില്ല.

അതേസമയം, എ.പി. അനിൽകുമാറിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന വിമർശനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് താൻ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നായിരുന്നു മറുപടി. ഇതൊക്കെ എന്തിനാണ് ശ്രദ്ധിക്കുന്നതെന്നും തനിക്കെതിരെ തന്നെ പലതരത്തിലുള്ള വിമർശനങ്ങൾ ഉയർന്നിട്ടുണ്ടെന്നും അതൊന്നും താൻ വകവയ്ക്കാറില്ലെന്നും മുരളീധരൻ പറഞ്ഞു.

SCROLL FOR NEXT