വി.ഡി. സതീശൻ Source: News Malayalam 24x7
KERALA

അടൂർ പ്രകാശിന് പറ്റിയത് ചെറിയ സ്ലിപ്പ്, ഞാൻ അതിജീവിതയ്‌ക്കൊപ്പം: വി.ഡി. സതീശൻ

മുഖ്യമന്ത്രി പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും വി.ഡി. സതീശൻ...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കെതിരായ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൻ്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അദ്ദേഹത്തിന് പറ്റിയത് ചെറിയ സ്ലിപ്പാണെന്നും പിന്നീട് അദ്ദേഹം നിലപാട് തിരുത്തിയെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. താനും കെപിസിസി പ്രസിഡൻ്റും നിലപാട് വ്യക്തമാക്കിയതാണ്. താൻ അതിജീവിതയ്ക്ക് ഒപ്പമാണെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു.

സ്വർണക്കൊളളയിൽ ലോകം അമ്പരന്ന് നിൽക്കുന്നുവെന്ന് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്. വിഴിഞ്ഞം തുറമുഖത്തെ ഞാൻ എതിർത്തിട്ടില്ല. എതിർത്തത് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന പിണറായി വിജയനായിരുന്നുവെന്നും വി.ഡി. സതീശൻ.

മുഖ്യമന്ത്രി പിണറായി വിജയൻ എട്ടുകാലി മമ്മൂഞ്ഞാണെന്നും വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കഴിയും വരെ മുൻ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാൻ സർക്കാർ എസ് ഐ ടിക്ക് മേൽ സമ്മർദം ചെലുത്തി. ശബരിമല സ്വർണം കോടീശ്വരന് വിറ്റു എന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വർണത്തിന് തൂക്കത്തേക്കാൾ മൂല്യമുണ്ട്. സ്വർണക്കൊള്ള അന്വേഷണത്തിൽ തൃപ്തിയില്ല. എസ് ഐ ടിക്ക് മേൽ സമ്മർദം ചെലുത്തി. ഇപ്പോൾ ഇറങ്ങിയ പ്രസിഡന്റിന്റെ പങ്കും അന്വേഷിക്കണമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ജാമ്യത്തിൽ പ്രതികരിച്ച വി.ഡി. സതീശൻ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പറഞ്ഞു. യുഡിഎഫ് നിലപാടിൽ മാറ്റമില്ല. രാഹുലിനെതിരായ നടപടി ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ എടുത്തതാണ്. രാഹുൽ വോട്ട് ചെയ്യാൻ വരുമോ എന്ന് രാഹുലിനോട് ചോദിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.

ശശി തരൂർ എംപിക്ക് സവർക്കർ പുരസ്കാരം പ്രഖ്യാപിച്ചതിൽ പ്രതിപക്ഷ നേതാവ് പ്രതികരിച്ചില്ല. ചോദ്യത്തിന് മുന്നിൽ വി.ഡി. സതീശൻ കൈകൂപ്പി തൊഴുതു.

SCROLL FOR NEXT