തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഗുഗുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പൻ്റെ സ്വർണം കട്ടിട്ട് ജാമ്യത്തിൽ വരികയാണ് ചെയ്യുന്നത്. കുറ്റപത്രം സമർപ്പിക്കാതെ മുഴുവൻ പ്രതികളെ പുറത്തിറക്കാൻ സർക്കാർ ഗൂഢാലോചന നടത്തുന്നു എന്നും സതീശൻ ആരോപിച്ചു.
"സ്വർണക്കൊള്ളയിൽ ഇതുവരെ തൊണ്ടിമുതൽ കണ്ടെടുക്കാൻ അന്വേഷണസംഘത്തിന് സാധിച്ചിട്ടില്ല. കാര്യമായ തെളിവുകളും ശേഖരിച്ചിട്ടില്ല. എസ്ഐടിയെ മാറ്റണമെന്ന് ആവശ്യപ്പെടില്ല. പക്ഷേ, അന്വേഷണം കാര്യക്ഷമമാക്കണം", സതീശൻ വ്യക്തമാക്കി. കുറ്റവാളികൾ രക്ഷപ്പെടില്ല എന്ന് ഹൈക്കോടതി പറഞ്ഞിട്ട് കാര്യമില്ല. ഞങ്ങൾക്ക് അതിൽ ആശങ്കയുണ്ട് എന്നും സതീശൻ പറഞ്ഞു. കട്ട മുതൽ പത്തനംതിട്ടയിൽ അല്ലല്ലോ വിറ്റിരിക്കുന്നതെന്നും സതീശൻ ചോദ്യമുന്നയിച്ചു.
സ്വർണക്കൊള്ളയെ കുറിച്ച് കേരളത്തിലെ പ്രതിപക്ഷം പറഞ്ഞ ഒരു വാക്കുപോലും മാറ്റി പറയേണ്ടി വന്നിട്ടില്ല. പ്രതിപക്ഷ ആരോപണം അടിവരയിടുന്ന സംഭവമാണ് നടന്നുകൊണ്ടിരിക്കുന്നത്. കേസിൽ പെട്ട് സിപിഐഎം നേതാക്കൾ ജയിലിൽ കിടക്കുന്നു. അവർക്കെതിരെ നടപടി എടുക്കാൻ നേതൃത്വം ഭയപ്പെടുന്നു. അവർക്കെതിരെ നടപടി എടുത്താൽ കൂടുതൽ നേതാക്കൾ പ്രതിചേർക്കപ്പെടും. ഉന്നത നേതാക്കൾ ജയിലിൽ പോകാതിരിക്കാൻ വേണ്ടി ഗൂഢാലോചന നടത്തുന്നു എന്നും സതീശൻ ചൂണ്ടിക്കാട്ടി.
അതേസമയം, സിപിഐഎം രക്തസാക്ഷി വിഷ്ണുവിൻ്റെ സഹോദരൻ കോൺഗ്രസിൽ ചേർന്നു. വഞ്ചിയൂർ ബ്രാഞ്ച് അംഗമായ വിനോദ് പ്രതിപക്ഷ നേതാവിൽ നിന്ന് അംഗത്വം സ്വീകരിച്ചു.വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണുവിനെ ആർഎസ്എസ് ആണ് കൊലപ്പെടുത്തിയത്.വിഷ്ണുവിൻ്റെ കുടുംബത്തിനായി പിരിച്ച 10 ലക്ഷത്തിൽ 5 ലക്ഷം രൂപ ലോക്കൽ സെക്രട്ടറി വക മാറ്റി എന്ന ആക്ഷേപം ഉയർന്നിരുന്നു.
"പാർട്ടിയിൽ നിന്ന് ഒരുപാട് ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടിയുടെ നിലപാടുകളോടൊപ്പം നിന്ന് മുന്നോട്ട് പോകാൻ പറ്റാത്ത രീതിയിൽ സാമുദായിക നേതാക്കളുടെ അതിപ്രസരവും കണ്ട് വല്ലാത്ത അവസ്ഥയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് കുഞ്ഞികൃഷ്ണൻ സഖാവിൻ്റെ വെളിപ്പെടുത്തൽ വന്നത്. കോൺഗ്രസാണ് കേരളത്തിലെ ലെഫ്റ്റിസ്റ്റ് എന്ന് മനസിലാക്കിയതോടെയാണ് ഇതിലേക്ക് ചേരാൻ തീരുമാനിച്ചത്." വിനോദ് പറഞ്ഞു.