കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാർ അറസ്റ്റിലായതിന് പിന്നാലെ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജനങ്ങൾ നൽകിയ അധികാരം ഉപയോഗിച്ച് സർക്കാർ നടത്തിയ കൊള്ളയാണ് ശബരിമലയിലേതെന്ന് വി.ഡി. സതീശൻ ആരോപിച്ചു. സിപിഐഎം നേതാക്കളുടെ ജയിലിലേക്കുള്ള ഘോഷയാത്ര ആരംഭിച്ചെന്നും ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പത്മകുമാറിൻ്റെ അറസ്റ്റോടെ കേരളം അമ്പരന്ന് നിൽക്കുകയാണെന്ന് വി.ഡി. സതീശൻ പറയുന്നു. പോറ്റി മാത്രമായിരുന്നു ഉത്തരവാദിയെങ്കിൽ എന്തുകൊണ്ട് ദേവസ്വം ബോർഡ് പോറ്റിക്കെതിരെ പരാതി നൽകിയില്ലെന്നാണ് പ്രതിപക്ഷ നേതാവിൻ്റെ ചോദ്യം.
ഏതോ ഒരു പോറ്റിയാണ് മോഷണം നടത്തിയതെന്നായിരുന്നു സർക്കാരിൻ്റെ ആദ്യ വാദം. പോറ്റി കുടുങ്ങിയാൽ പലരും കുടുങ്ങുമെന്ന് സിപിഐഎമ്മിന് അറിയുന്നത് കൊണ്ടാണ് കേസെടുക്കാതിരുന്നത്. പോറ്റിയുടെ അടുത്ത ആളാണ് കടകംപള്ളി സുരേന്ദ്രനെന്നും ഇത് സംബന്ധിച്ച തെളിവുകൾ സമർപ്പിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു.
"മന്ത്രി വാസവന്റെയും കൂടി അറിവോടുകൂടിയാണ് കൊള്ള നടന്നത്. ഹൈക്കോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ അയ്യപ്പന്റെ തങ്കവിഗ്രഹം കൂടി കൊള്ളയടിക്കുമായിരുന്നു. കോടതി നേരിട്ട് ഇടപെട്ടത് കൊണ്ടാണ് അന്വേഷണം ഇത്ര മുന്നോട്ട് പോയത്. മുഖ്യമന്ത്രി പിണറായി വിജയൻ എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്? ," വി.ഡി. സതീശൻ ചോദിച്ചു.
എ. പത്മകുമാറിൻ്റെ അറസ്റ്റ് തിരിച്ചടി അല്ലെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ തൊലിക്കട്ടി അപാരമെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സ്വന്തം നേതാക്കൾ ജയിലിലേക്ക് പോകുമ്പോൾ പാർട്ടിക്ക് ഒരു കുഴപ്പമില്ലെന്ന് പറയാൻ ഗോവിന്ദന് മാത്രമേ കഴിയൂ . അല്ലായെങ്കിൽ നവീൻ ബാബുവിന്റെ കേസന്വേഷിച്ച ഉദ്യോഗസ്ഥൻ സ്ഥാനാർഥിയായതുപോലെ ഇവിടെയും കാണാമായിരുന്നെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു.