നിലമ്പൂരിലെ നിർണായക ജയത്തോടെ യുഡിഎഫ് രാഷ്ട്രീയത്തിലെ അതികായനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റയാൻ തന്ത്രങ്ങൾ വിജയിച്ചതിൻ്റെ കരുത്തിലാണ് സതീശൻ. 2026ൽ യുഡിഎഫ് സർവാധിപത്യം നേടുമെന്നും തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുത്തതല്ലെന്നും നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ ഉജ്വല വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ പ്രതികരിച്ചു.
ജനങ്ങളുടെ വിചാരണയാണ് നടന്നതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഞങ്ങളുടെ പൊളിറ്റിക്കൽ വോട്ട് പോയിട്ടില്ല. കേരള രാഷ്ട്രീയത്തിലെ ഏറ്റവും ശക്തമായ മുന്നണിയായി യുഡിഎഫ് മാറി. യുഡിഎഫ് നൽകുന്നത് വലിയ സന്ദേശമാണ്. 100ലധികം സീറ്റുമായി കൊടുങ്കാറ്റ് പോലെ യുഡിഎഫ് 2026ൽ അധികാരത്തിൽ വരുമെന്ന് വി.ഡി. സതീശൻ പറഞ്ഞു. പി.വി. അൻവറിനെ അകറ്റി നിർത്തിയതും ജമാഅത്തെ ഇസ്ലാമിയെ ചേർത്ത് നിർത്തിയതും സതീശൻ്റെ തീരുമാനമായിരുന്നു. എന്നാൽ തീരുമാനങ്ങൾ ഒറ്റയ്ക്ക് എടുത്തതല്ല, യുഡിഎഫ് ഒരുമിച്ചെടുത്ത തീരുമാനമാണ്, 2026ൽ യുഡിഎഫ് സർവാധിപത്യം നേടുമെന്നും സതീശൻ പ്രതികരിച്ചു.
നിലമ്പൂരിലെ ജനവിധി കേരളത്തിലെ ജനങ്ങളുടെ വിജയമാണെന്നായിരുന്നു വിജയത്തിന് പിന്നാലെ ആര്യാടൻ ഷൗക്കത്തിൻ്റെ പ്രതികരണം. യുഡിഎഫ് പ്രതീക്ഷിച്ച ഭൂരിപക്ഷത്തിന് തന്നെ സീറ്റ് തിരിച്ചുപിടിച്ചെന്നും വോട്ട് ചെയ്ത എല്ലാവർക്കും നന്ദിയെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. പിതാവ് ആര്യാടൻ മുഹമ്മദിൻ്റെ മണ്ഡലം തിരിച്ചെടുത്ത ആഹ്ളാദത്തിലാണ് ആര്യാടൻ ഷൗക്കത്ത്. ഡിലിമിറ്റേഷന് പിന്നാലെ യുഡിഎഫ് ശക്തി കേന്ദ്രങ്ങളായ ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും നിലമ്പൂരിൽ മണ്ഡലത്തിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. തുടർന്ന് 2011ൽ നടന്ന തെരഞ്ഞെടുപ്പിൽ 5000 വോട്ടുകളാണ് ആര്യാടൻ മുഹമ്മദിന് ലഭിച്ചത്. ശേഷം യുഡിഎഫിന് മണ്ഡലം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫ് ഇപ്പോൾ മണ്ഡലം തിരിച്ചുപിടിച്ചിരിക്കുകയാണ്. വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന നേതാക്കള്‍ക്കും ആര്യാടന്‍ ഷൗക്കത്ത് നന്ദിയറിയിച്ചു.
ഒൻപത് വർഷത്തിന് ശേഷം യുഡിഎഫ് നിലമ്പൂരിലെ സീറ്റ് തിരിച്ചുപിടിച്ചുവെന്നും, ഇനി പിണറായി രാജിവെച്ചൊഴിയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇടതുമുന്നണി സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിലെ ഫലം സൂചിപ്പിക്കുന്നതെന്നും ചെന്നിത്തല പ്രതികരിച്ചു. സർക്കാരിനെ പൂർണമായി ജനം തിരസ്കരിച്ചു. അൻവർ പിടിച്ചതും ഭരണവിരുദ്ധ വികാരത്തിൻ്റെ വോട്ടാണ്. അൻവറിനെ കൂടെ കൂട്ടാൻ അവസാനനിമിഷം വരെ പ്രവർത്തിച്ചതാണ് താനും കുഞ്ഞാലിക്കുട്ടിയും. സർക്കാരിനെതിരെ പ്രവർത്തിക്കുന്ന എല്ലാവരെയും കൂടെ നിർത്തണമെന്നാണ് എല്ലാ കാലത്തെയും നയമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.
11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം. 77,737 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 66,660 വോട്ടുകള്‍ നേടി എല്‍ഡിഎഫിന്റെ എം. സ്വരാജ് രണ്ടാമതെത്തി. പി.വി. അന്‍വർ നേടിയത് 19,760 വോട്ടുകളാണ്. ബിജെപി സ്ഥാനാർഥി മോഹന്‍ ജോർജ് 8,648 വോട്ടുകളും നേടി.