Source: FB
KERALA

"തോറ്റ് തൊപ്പിയിട്ടിട്ടും പരിഹാസത്തിന് കുറവില്ല"; മുഖ്യമന്ത്രിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ്

കോൺഗ്രസുകാർ ആരും ബിജെപിയിൽ പോയിട്ടില്ലെന്നും വി.ഡി. സതീശൻ്റെ ന്യായീകരണം...

Author : അഹല്യ മണി

തൃശൂർ: മറ്റത്തൂരിൽ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്കുള്ള കൂട്ടക്കൂറുമാറ്റത്തിൽ അതിരൂക്ഷ വിമർശനം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തോറ്റ് തൊപ്പിയിട്ട് ഇരിക്കുമ്പോഴും പരിഹാസം പറയുന്നതിനാണ് മുഖ്യമന്ത്രിക്ക് താൽപര്യമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചു. തോറ്റിട്ടില്ല എന്ന് വിചാരിച്ചിരിക്കുകയാണ് മുഖ്യമന്ത്രിയും സർക്കാരും. തോൽവിയെ കുറിച്ചാണ് പഠിക്കേണ്ടതെന്നും വി.ഡി. സതീശൻ വിമ‍‍ർശിച്ചു.

മറ്റത്തൂരിൽ രണ്ട് വിമതന്മാർ ജയിച്ചുവെന്നും പാർട്ടി തീരുമാനത്തെ ലംഘിച്ചാണ് അവർ പ്രവ‍ത്തിച്ചതെന്നും വി.ഡി. സതീശൻ അറിയിച്ചു. അവർ ആരും ബിജെപിയിൽ പോയിട്ടില്ല. നരേന്ദ്ര മോദിയും അമിത് ഷായും എവിടെ ഒപ്പിട്ടു കൊടുക്കാൻ പറഞ്ഞാലും ചെയ്യുന്ന ആളാണ് പിണറായി വിജയൻ. എന്നാൽ കോൺഗ്രസുകാർ ആരും ബിജെപിയിൽ പോയിട്ടില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സ്ഥാനാർഥി നിർണയത്തിൽ തലമുറമാറ്റ പ്രഖ്യാപനത്തെ കുറിച്ചും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംഘടനാപരമായി യുവാക്കൾക്കും സ്ത്രീകൾക്കും പ്രാധാന്യം കൊടുക്കണമെന്ന് ദേശീയ നേതൃത്വവും രാഹുൽ ഗാന്ധിയും പറഞ്ഞതാണ്. പഴയ തലമുറയിൽ പെട്ട ആളുകളോട് മാറിനിൽക്കാൻ അല്ല പറയുന്നത്. ഉറപ്പായും സ്ത്രീകൾക്കും യുവാക്കൾക്കും പ്രാധാന്യമുണ്ടാകും. പാർട്ടിയെ സജീവമായി നിർത്താൻ വേണ്ടിയിട്ട് കൂടിയാണ്. പ്രായമായ ആരെയും മാറ്റിനിർത്തില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.

കർണാടകയിലെ ബുൾഡോസർ രാജിൽ പ്രതികരിച്ച വി.ഡി. സതീശൻ മുഖ്യമന്ത്രി പറഞ്ഞതുപോലെയല്ല കർണാടകയിൽ എന്തായാലും സംഭവിച്ചിരിക്കുന്നതെന്ന് അറിയിച്ചു. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി തന്നെ അതേക്കുറിച്ചുള്ള കാര്യങ്ങൾ വിശദീകരിക്കും. സംസ്ഥാന സ‍ർക്കാരിനോട് കാര്യങ്ങൾ ചോദിക്കും. കർണാടക മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും അവിടെ ഒരാൾ പോലും വഴിയാധാരമാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും വി.ഡി. സതീശൻ പറഞ്ഞു.

SCROLL FOR NEXT