KERALA

വന്ദേമാതരം മുഴുവൻ ആലപിക്കും എന്നുള്ളത് അറിയില്ല, സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറഞ്ഞതില്‍ എന്താണ് കുഴപ്പം: വി.ഡി. സതീശൻ

അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ടെന്നും വി.ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. വന്ദേമാതരം പൂർണമായും ആലപിക്കും എന്നുള്ളത് അറിയില്ലായിരുന്നു. ലോക്ഭവനിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ചൊല്ലിയത്. താനും സദസിൽ നിൽക്കുമ്പോഴാണ് മുഴുവൻ ആലപിക്കുന്നത് കേട്ടത്. ഇടയിൽ കേറി തടസപ്പെടുത്താൻ കഴിയില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

ചടങ്ങിന്റെ അവസാനം ഇത് ആലപിക്കുമെന്ന് അറിയില്ലായിരുന്നു. ദേശീയ​ഗാനമാണ് അവസാനം ആലപ്പിക്കുക. വന്ദേമാതരം ആലപിച്ചത് അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സത്യപ്രതിജ്ഞയിൽ താൻ അച്ഛന്റെ പേര് പറഞ്ഞതിൽ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശൻ ചോദിച്ചു. അമ്മയുടെ പേര് കൂടി പറയാൻ കഴിയാത്തതിൽ തനിക്ക് സങ്കടമുണ്ട്. താൻ എംഎൽഎ ആകുന്നതിന് മുൻപ് മരിച്ചുപോയതാണ് രണ്ടാളെന്നും സത്യപ്രതിജ്ഞയിൽ അച്ഛന്റെ പേര് പറയാനാണ് പറഞ്ഞതെന്നും നിറഞ്ഞ മനസോടുകൂടിയാണ് പറഞ്ഞതെന്നും വി.ഡി. സതീശൻ വിശദീകരിച്ചു.

നേരത്തെ എംഎൽഎയായി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ വി.ഡി. സതീശൻ എന്ന് മാത്രമായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വടശേരി ദാമോദര മോനോൻ സതീശൻ എന്നായിരുന്നു വി.ഡി. സതീശൻ പറഞ്ഞത്. ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയത് വലിയ വിവാദമാവുകയായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതും മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉയർന്ന വിമ‍ർശനം.

പ്രകടന പത്രികയിലെ കാര്യങ്ങള്‍ ചെയ്യാന്‍ വിഷന്‍ 2031 എന്ന പേരിൽ ജൂണ്‍ ഒന്ന് മുതല്‍ 100 ദിന കര്‍മ പരിപാടി നടപ്പാക്കുമെന്നും മന്ത്രിസഭാ യോ​ഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകവേ മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 2026 ഓഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്മ പുരസ്കാരം ശുപാർശ സമർപ്പിക്കാൻ സമിതി നിർമിക്കും. സിൽവർ ലൈൻ പൂർണമായും ഒഴിവാക്കി. പകരം സ്പീഡ് കൊറിഡോർ, അതിവേഗ ഇടനാഴി എന്നിവയും പരിഗണനയിലുണ്ട്. പ്രായോഗികം അല്ലാത്തത് കൊണ്ടാണ് സിൽവർ ലൈൻ വേണ്ടെന്ന് വച്ചതെന്നും യുഡിഎഫ് സബ് കമ്മിറ്റി പഠിച്ച് വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണ്ടെന്ന് വച്ചതെന്നും സതീശൻ പറഞ്ഞു.

SCROLL FOR NEXT