തിരുവനന്തപുരം: സർക്കാർ പ്ലീഡർ നിയമനത്തിൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കെഎസ്‌യു നേതാക്കളെ അറിയിച്ചു. സർക്കാർ പ്ലീഡറായി ജിയോണ ജെയിംസ് തുടരും. ഇനി പട്ടികയിൽ മാറ്റമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.
കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെഎസ്‌യുവിന്‍റെ മുഴുവൻ ആശങ്കകളും മുഖ്യമന്ത്രിയെ അറിയിക്കുകയും അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെതാണെന്ന് അലോഷ്യസ് സേവ്യർ പ്രതികരിക്കുകയും ചെയ്തിരുന്നു.
കെഎസ്‌യുവിൻ്റെ അഭിപ്രായങ്ങൾ കേട്ടശേഷമാണ് മുഖ്യമന്ത്രി തൻ്റെ നിലപാട് കെഎസ്‌യു നേതാക്കളെ അറിയിച്ചതെന്നാണ് വിവരം. പൂർണ തൃപ്തിയോടെയാണ് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിപ്പിച്ചത്. ലോ കോളജിൽ എസ്എഫ്ഐ പശ്ചാത്തലമുള്ള, ഇടതുപക്ഷ അനുഭാവം പുലർത്തുന്ന ജിയോണ ജെയിംസിന്‍റെ നിയമനം പിൻവലിക്കണമെന്നതായിരുന്നു പ്രധാനമായും അലോഷ്യസ് സേവ്യർ ഉന്നയിച്ചത്.
യുഡിഎഫ് സർക്കാർ അടുത്തിടെ നടത്തിയ സർക്കാർ പ്ലീഡർമാരുടെ നിയമന ലിസ്റ്റിൽ എസ്എഫ്ഐ - ആർഎസ്എസ് പശ്ചാത്തലമുള്ളവരും ഉൾപ്പെട്ടതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. കഴിഞ്ഞ പത്ത് വർഷമായി തെരുവുകളിൽ യുഡിഎഫിനായി പോരാടിയ പ്രവർത്തകരുടെ വികാരം മാനിക്കാതെയാണ് ഇത്തരം നിയമനങ്ങൾ നടത്തിയത് എന്നായിരുന്നു കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിൻ്റെ പ്രധാന വിമർശനം.