തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടിയുടെ മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് അനാവശ്യ സമ്മർദ്ദം ചെലുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രധാനപ്പെട്ട ആളുകളുടെ അറസ്റ്റ് വൈകിപ്പിക്കുകയാണ്. വൻ സ്രാവുകളിലേക്ക് അന്വേഷണം നീങ്ങിയിട്ടില്ല. തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഭയന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇങ്ങനെ ചെയ്യുന്നത്. മുൻ ദേവസ്വം മന്ത്രിക്കും ഉണ്ണികൃഷ്ണൻ പോറ്റിയുമായി ആയി ബന്ധമുണ്ട്. കേസിൽ കടകംപള്ളി സുരേന്ദ്രനെയും ചോദ്യം ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കേസിൽ ഇഡി അന്വേഷണം നടക്കട്ടെ. ഇഡിയുടെ ഇതുവരെയുള്ള അന്വേഷണങ്ങൾ സർക്കാരിനെ സഹായിക്കാനാണ്. ശബരിമല കേസിൻ്റെ കാര്യത്തിൽ ഇത് എങ്ങനെയാവുമെന്ന് കണ്ടറിയണം. 2024ൽ പി.എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്നത് കവർച്ച ശ്രമമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.
അതേസമയം, സ്വർണക്കൊള്ള കേസ് അന്വേഷണം സർക്കാരിലേക്ക് എത്താതിരിക്കാൻ വഴിതിരിച്ചുവിടുന്നുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ആരോപിച്ചു. രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് അന്വേഷണത്തെ സർക്കാർ നിയന്ത്രിക്കുന്നത്. ഉന്നതൻമാരിലേക്ക് അന്വേഷണം എത്തുന്നില്ലെന്നും, കോടതി വിധി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അന്വേഷണത്തിൽ പൂർണ തൃപ്തി ഇല്ല. ഉന്നതന്മാരെ പ്രതിചേർക്കാൻ അന്വേഷണസംഘം മടിച്ചു നിൽക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് അന്വേഷണത്തെ സർക്കാർ നിയന്ത്രിക്കുന്നത്. ഇത് ഇന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു. നഷ്ടപ്പെട്ട സ്വർണം വീണ്ടെടുക്കാൻ ആകണം അന്വേഷണം. ഇതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഹൈക്കോടതി വസ്തുനിഷ്ഠമായി പരിശോധിച്ചാണ് ഉത്തരവിറക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ കോടതി മാത്രമാണ് ആശ്വാസം. സ്മാർട് ക്രിയേഷൻ സിഇഒയുടെ അറസ്റ്റ് കൊണ്ട് മാത്രം തീരുന്നില്ലെന്നും അതിലും വലിയ രാഷ്ട്രീയ ഉന്നതർ ഇതിൽ ഉണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.