KERALA

"പിണറായി സർക്കാരിന്റേത് തീവ്ര വലതുപക്ഷ രീതി, ഇത് ഇടത് സഹയാത്രികരെ നിരാശരാക്കി"; കെ. സച്ചിദാനന്ദൻ്റെ വിമർശനം ആയുധമാക്കി വി.‍ഡി. സതീശൻ

ഇടത് ചിന്തകരും സഹയാത്രികരും ആ​ഗ്രഹിക്കുന്നത് ഭരണത്തുടർച്ച ഉണ്ടാകരുത് എന്നാണെന്നും വി.‍ഡി. സതീശൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തുടർഭരണം ദുരധികാരമാണ് എന്ന കവി കെ. സച്ചിദാനന്ദൻ്റെ വിമർശനം ആയുധമാക്കി പ്രതിപക്ഷം. നല്ല കമ്യൂണിസ്റ്റുകാരും ഇടത് ചിന്തകരും യുഡിഎഫിന് ഒപ്പമാണെന്നാണ് പ്രതിപക്ഷ നേതാവ് വി.‍ഡി. സതീശൻ പറഞ്ഞു. പിണറായി വിജയൻ സർക്കാർ തീവ്ര വലതുപക്ഷ സമീപനമാണ് സ്വീകരിക്കുന്നത്. ഇത് ഇടതുപക്ഷ സഹയാത്രികരെ നിരാശരാക്കി. ഇടതുമുന്നണിയിൽ ഘടകകക്ഷികൾ തമ്മിൽ വിശ്വാസമില്ലെന്നും മുന്നണി ശിഥിലമാവുകയാണെന്നും അദ്ദേഹം ആ​രോപിച്ചു.

"ഇടത് ചിന്തകരും സഹയാത്രികരും ആ​ഗ്രഹിക്കുന്നത് ഭരണത്തുടർച്ച ഉണ്ടാകരുത് എന്നാണ്. അവർ പറയുന്നത് ഭരണമാറ്റം വേണമെന്നാണ്. അതിനെതിരെ അസഹിഷ്ണുതയാണ് സർക്കാർ കാണിക്കുന്നത്. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. എന്നെയും വിമർശിക്കാറുണ്ട്. അവർക്ക് അതിനുള്ള അവകാശമുണ്ടെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പൊതുപ്രവർത്തകരെ വിമർശിക്കുമ്പോൾ അസഹിഷ്ണുത കാണിക്കേണ്ട ആവശ്യമില്ല. സർക്കാരിനെയും അവരുടെ നയ സമീപനങ്ങളെയുമാണ് ഇപ്പോൾ വിമർശിക്കുന്നത്. തീവ്ര വലതുപക്ഷ രീതിയിലാണ് പിണറായി സർക്കാർ മുന്നോട്ടു പോകുന്നത്. അതാണ് ഇടത് ചിന്തകരേയും സഹയാത്രികരേയും അസ്വസ്ഥമാക്കുന്നത്", വി.‍ഡി. സതീശൻ.

അതേസമയം, കെ. സച്ചിദാനന്ദനും സാറാ ജോസഫിനുമെതിരെ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളിയും രം​ഗത്തെത്തി. സാമാന്യയുക്തിക്കു നിരക്കാത്ത രാഷ്ട്രീയ കൗശലം കേരളം സ്വീകരിക്കില്ല. പ്രസംഗങ്ങളിലും പ്രതികരണങ്ങളിലും ഓർമയും യുക്തിയും നഷ്ടമാകുന്നുവെന്ന് അടുത്തിടെയായി സച്ചിദാനന്ദൻ തന്നെ പല തവണയായി ഏറ്റുപറഞ്ഞിട്ടുണ്ടെന്നും അത്തരം വിചിത്രമായ ഒരു പ്രതികരണമായി കേരളം ഇതിനെ കണക്കാക്കുമെന്നും കരിവെള്ളൂർ മുരളി പറഞ്ഞു. സച്ചിദാനന്ദൻ മാഷെയും സാറാ ടീച്ചറെയും പോലുള്ളവർ അറിഞ്ഞോ അറിയാതെയോ ഒരു ഗൂഢ പദ്ധതിയുടെ ഭാഗമായിത്തീരുകയാണെന്നും കരിവെള്ളൂർ മുരളി ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചു.

എന്നാൽ സച്ചിതാനന്ദൻ്റെ വിമർശനത്തോട് ഇപ്പോഴും മൃദു സമീപനം തുടരുകയാണ് ഇടത് നേതാക്കൾ. സച്ചിദാനന്ദന്റെ പ്രസ്താവനയോട് കാത് പൊത്തില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. സച്ചിദാനന്ദൻ ഇടതുപക്ഷത്തിൻ്റെ സുഹൃത്താണെന്നും നിർദേശം ഗൗരവത്തോടെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിമർശനങ്ങളെ അവസരങ്ങളായി കാണുന്നുവെന്നാണ് മുൻ മന്ത്രി തോമസ് ഐസകിൻ്റെ പ്രതികരണം. തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകും. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു എന്നതിനർഥം യുഡിഎഫിന് ജയിക്കാൻ അവസരം ഒരുക്കും എന്നല്ല എന്നും തോമസ് ഐസക്ക് പറഞ്ഞു. വിമർശനങ്ങളെ സ്വീകരിക്കുമെന്നും പോസ്റ്റിറ്റീവ് ആയിട്ടാണ് ഇത്തരം വിമർശനങ്ങളെ കാണുന്നതെന്നും മന്ത്രി പി. പ്രസാദും പറഞ്ഞു. തിരുത്താൻ ഇടതുപക്ഷം തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ തുടർഭരണം വേണ്ട എന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിന് നല്ലത് രണ്ട് മുന്നണികളും മാറി മാറി ഭരിക്കുന്നതാണെന്നും ബംഗാളിൽ സംഭവിച്ചത് തന്നെ ഉദാഹരണമെന്നും സച്ചിദാനന്ദൻ പറഞ്ഞിരുന്നു. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ പറഞ്ഞിരുന്നു.

SCROLL FOR NEXT