തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം കരസ്ഥമാക്കിയതിനെ തുടർന്ന് പ്രതികരണവുമായി വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇക്കാര്യത്തിൽ യുഡിഎഫുമായി ചർച്ച നടത്തുമെന്നും റസാഖ് പാലേരി സൂചന നൽകി.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ചേർന്ന് പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് മത്സരിച്ചതെന്നും റസാഖ് പാലേരി വ്യക്തമാക്കി. വി.ഡി. സതീശന് നന്ദി അറിയിച്ച റസാഖ് പാലേരി വി. ഡി. സതീശൻ തങ്ങളുടെ രാഷ്ട്രീയത്തെ അംഗീകരിച്ചാണ് സംസാരിച്ചതെന്നും അറിയിച്ചു. 'ഞങ്ങൾക്കെതിരെ കടുത്ത വിമർശനം ഉണ്ടായപ്പോൾ വി.ഡി. സതീശൻ അതിനെ പ്രതിരോധിച്ചു. സമസ്തയുടെ രണ്ട് വിഭാഗങ്ങളും വി.ഡി. സതീശൻ്റെ നിലപാടിനെ തള്ളിപ്പറഞ്ഞിരുന്നു. എന്നിട്ടും സതീശൻ നിലപാട് മാറാൻ തയ്യാറായിരുന്നില്ല'-റസാഖ് പാലേരി കൂട്ടിച്ചേർത്തു.
തങ്ങൾ യുഡിഎഫ് മുന്നണിയുടെ ഭാഗമല്ലെങ്കിലും മുന്നണി രാഷ്ട്രീയത്തിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലൈനെന്നും റസാഖ് പാലേരി പറഞ്ഞു. കേരളത്തിൽ മുസ്ലിം ഭീതി സൃഷ്ടിച്ച് ഭൂരിപക്ഷ വോട്ടുകൾ സമാഹരിക്കുകയെന്ന സിപിഎമ്മിൻ്റെ ധ്രുവീകരണ തന്ത്രത്തെ കേരള ജനത തള്ളിക്കളഞ്ഞുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ കേരളത്തിലുടനീളം 75 സീറ്റുകളാണ് വെൽഫെയർ പാർട്ടി നേടിയത്. 2020ൽ ഇത് 65 സീറ്റുകളായിരുന്നു. മുക്കം മുനിസിപ്പാലിറ്റിയിൽ നാല് വാർഡുകളിൽ വെൽഫെയർ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ചാണ് വിജയം കരസ്ഥമാക്കിയത്.