പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ  Source: Facebook
KERALA

പൊലീസ് ഗുണ്ടകളും സിപിഐഎം ക്രിമിനലുകളും ചേർന്ന് ഷാഫിയെ മർദിച്ചു, ഇതുകൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ല: വി.ഡി. സതീശൻ

ഷാഫിക്ക് എതിരായ അക്രമം ആസൂത്രിതമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെതിരായ മർദനത്തിൽ കേരള പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സിപിഐഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണ് ഷാഫി പറമ്പിലിനെ ക്രൂരമായി മർദിച്ചതെന്ന് വി.ഡി. സതീശൻ വിമർശിച്ചു. സർക്കാരിൻ്റെ ശമ്പളം വാങ്ങി എകെജി സെൻ്ററിലെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കരുത്. ഇതുകൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ലെന്നും വി.ഡി.സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ അധിക്ഷേപം ഉയരുകയാണെന്നും വി.ഡി. സതീശൻ ചൂണ്ടിക്കാട്ടി. ഇതുകൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു. "പൊലീസ് ഒന്നും ചെയ്തില്ല, ലാത്തിയിൽ തൊട്ടിട്ടേയില്ല എന്നൊക്കെയാണ് കോഴിക്കോട് റൂറൽ എസ്.പി അടക്കമുള്ളവർ ഇന്നലെ പറഞ്ഞത്. പച്ചകള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ഷാഫിയെ ആക്രമിച്ചത് ബോധപൂർവമാണ്. ഇത് കൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ല," പ്രതിപക്ഷ നേതാവ് ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫിക്ക് എതിരായ അക്രമം ആസൂത്രിതമാണെന്ന് കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. സ്വർണപാളി വിവാദം മറക്കാനുള്ള സിപിഐഎം ശ്രമമാണിത്. മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ് കിട്ടിയിട്ടും ഹാജരാകാത്തത് ഗൗരവതരമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ഷാഫി പറമ്പിലിനെതിരായ ആക്രമണം പൊലീസിൻ്റെ തെറ്റായ സമീപനമാണെന്ന് കെ. മുരളീധരനും അഭിപ്രായപ്പെട്ടു. സിപിഐഎം പ്രകടനത്തിന് അനുമതി കൊടുത്ത പൊലീസ് യുഡിഎഫ് പ്രകടനം ആരംഭിച്ചപ്പോൾ തടഞ്ഞെന്നും അദ്ദേഹം ആരോപിച്ചു. ഇത് കാട്ടുനീതിയാണെന്നും കൊള്ളയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണെന്നും കെ.സി. വേണുഗോപാലും ആരോപിച്ചു.

വി.ഡി. സതീശൻ്റെ ഫേസ്ബുക്ക് കുറിപ്പ്:

സിപിഐഎം ക്രിമിനലുകളും അവർക്ക് ഒത്താശ ചെയ്യുന്ന കേരള പൊലീസിലെ ഗുണ്ടകളും ചേർന്നാണ് ഷാഫി പറമ്പിൽ എംപിയെ ക്രൂരമായി മർദിച്ചത്. അതിനുശേഷം സിപിഐഎമ്മിൻ്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾ തന്നെ ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാഷയിൽ അധിക്ഷേപിക്കുകയാണ്. ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകർക്കാനാകില്ല.

പൊലീസ് ഒന്നും ചെയ്തില്ല, ലാത്തിയിൽ തൊട്ടിട്ടേയില്ല എന്നൊക്കെയാണ് കോഴിക്കോട് റൂറൽ എസ്.പി അടക്കമുള്ളവർ ഇന്നലെ പറഞ്ഞത്. പച്ചകള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ഷാഫിയെ ആക്രമിച്ചത് ബോധപൂർവമാണ്. ഇത് കൊണ്ടൊന്നും അയ്യപ്പൻ്റെ സ്വർണം കട്ട കേസ് ഇല്ലാതാകില്ല. അഴിമതിയും കൊള്ളയും ജന മനസുകളിൽ മായാതെ നിൽക്കും.

രാജാവിനേക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ചില പോലീസ് ഉദ്യോഗസ്ഥരുണ്ട്. അവരോടാണ് പറയുന്നത്, സർക്കാരിൻ്റെ ശമ്പളം വാങ്ങി എ.കെ.ജി സെൻ്ററിലെ ഉത്തരവ് അനുസരിച്ച് പ്രവർത്തിക്കരുത്. പ്രത്യാഘാതം ഗുരുതരമായിരിക്കും. കണക്ക് ചോദിക്കാതെ ഒരു കാലവും കടന്ന് പോകില്ലന്നത് മറക്കരുത്.

SCROLL FOR NEXT