വി.ഡി. സതീശൻ Source: ഫയൽ ചിത്രം
KERALA

ഗണേഷ് കുമാർ രാജി വയ്ക്കണം, വിഷയത്തിൽ മുഖ്യമന്ത്രി പ്രതികരിക്കണം: വി.ഡി. സതീശൻ

ഇത് കുടുംബ പ്രശ്നം മാത്രമല്ലെന്നും വി.ഡി. സതീശൻ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കെ.ബി. ​ഗണേഷ് കുമാറിന്റെ രാജിക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കുടുംബ പ്രശ്നം മാത്രമല്ല. ഗണേഷ് കുമാർ രാജി വയ്ക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു. വിഷയത്തിൽ ഒത്തുതീർപ്പ് അംഗീകരിക്കില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും പ്രതികരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് എംഎൽഎ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ചും സംഘടിപ്പിച്ചിരുന്നു.

എന്നാൽ കെ.ബി. ഗണേഷ്കുമാറിനെതിരായ വിവാദം ഒത്തുതീർപ്പ് ആയതോടെ രാജി ആവശ്യപ്പെടേണ്ട എന്ന നിലപാടിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഗണേഷ് കുമാറിൻ്റെ വിഷയം കുടുംബ പ്രശ്നമെന്ന വിലയിരുത്തലിലാണ് തീരുമാനം. പരാതി വന്നാൽ പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്. ആരോപണങ്ങളെ തുടർന്ന് വിവാദം ആളിക്കത്തിയതോടെ ഭാര്യ ബിന്ദു മേനോനെ ഫോണിൽ വിളിച്ച് ഗണേഷ് കുമാർ മാപ്പ് പറഞ്ഞിരുന്നു. സംഭവത്തിൽ പ്രതികാര നടപടിക്ക് ഇല്ലെന്നും പൊലീസിൽ പരാതിപ്പെടില്ലെന്നും ഭാര്യ ബിന്ദു മേനോൻ അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് രാജി ആവശ്യപ്പെടേണ്ട എന്ന നിലപാടിലെത്തിയത്.

അതേസമയം, വിവാദങ്ങൾക്കിടെയും കെഎസ്ആർടിസി ആശുപത്രി ഉദ്ഘാടനത്തിന് മന്ത്രി കെ.ബി. ഗണേഷ് കുമാർ എത്തിയിരുന്നു. രാജി അഭ്യൂഹം മാധ്യമങ്ങളുടെ മാത്രം പ്രശ്നമാണെന്നാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ വിശദീകരണം. തനിക്കോ നാട്ടുകാർക്കോ അത്തരമൊരു പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഭാര്യ ഉന്നയിച്ച വിവാദത്തെ കുറിച്ച് ഗണേഷ് പ്രതികരിച്ചില്ല.

മന്ത്രി കെ.ബി. ഗണേഷ് കുമാറിന് എതിരെ ആഞ്ഞടിച്ചായിരുന്നു വെള്ളാപ്പള്ളി നടേശൻ്റെ പ്രതികരണം. ഗണേഷ് മന്ത്രിസഭയിലെ പുഴുക്കുത്തെന്നും മന്ത്രിയുടേത് ഭാരതീയ സംസ്ക്കാരത്തിന് ചേരാത്ത പ്രവൃത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു.

SCROLL FOR NEXT