വി.ഡി. സതീശൻ 
KERALA

'നല്ല സുഖമില്ല'; ശിവഗിരി മഠത്തിന്റെ ചെമ്പഴന്തിയിലെ ചതയദിന പരിപാടിയില്‍ നിന്നും വിട്ടുനിന്ന് വി.ഡി. സതീശന്‍

ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാന്‍ എത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല.

Author : ന്യൂസ് ഡെസ്ക്

ശിവഗിരി മഠം സംഘടിപ്പിച്ച ചെമ്പഴന്തിയിലെ ചതയ ദിന പരിപാടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സുഖമില്ലാത്തതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് പ്രതിപക്ഷ നേതാവ് അറിയിച്ചത്.

പരിപാടിയില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പങ്കെടുത്തതാണ് വിട്ടുനില്‍ക്കാന്‍ കാരണമായതെന്നാണ് സൂചന. ചെമ്പഴന്തിയിലെ പരിപാടിയിൽ പങ്കെടുക്കാത്ത വി.ഡി. സതീശന്‍ കൊച്ചിയിലെ പരിപാടികളിലും സ്വകാര്യ ചടങ്ങുകളിലും പങ്കെടുത്തു. മാധ്യമങ്ങളെ കാണുകയും ചെയ്തിരുന്നു.

ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിക്കാന്‍ എത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാന്‍ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് തയ്യാറായിരുന്നില്ല. അറിയിച്ചിട്ട് വരണമായിരുന്നു എന്നാണ് വി.ഡി. സതീശന്‍ അന്ന് പറഞ്ഞത്.

അയ്യപ്പ സംഗമത്തിലേക്ക് തന്നെ ക്ഷണിക്കാതെയാണ് പേര് വെച്ചതെന്ന് വിഡി സതീശന്‍ ആരോപണമുന്നയിച്ചതിന് പിന്നാലെ ക്ഷണിക്കാന്‍ ചെന്നിരുന്നെങ്കിലും കാണാനായില്ലെന്ന പിഎസ് പ്രശാന്ത് വ്യക്തമാക്കുകയായിരുന്നു. ഇതിന് പിന്നാലെ ക്ഷണിക്കാന്‍ ചെന്നിരുന്നെങ്കിലും പ്രതിപക്ഷ നേതാവ് കാണാന്‍ അനുവദിച്ചില്ലെന്നും പ്രശാന്ത് പറഞ്ഞിരുന്നു.

അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ളവര്‍ യുഡിഎഫിനെ ശക്തമായി വിമര്‍ശിക്കുന്നതിനിടെയാണ് ശിവഗിരി മഠത്തിന്റെ ചതയം ദിന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പ്രതിപക്ഷ നേതാവ് അറിയിച്ചിരിക്കുന്നത്.

SCROLL FOR NEXT