KERALA

വേടനെതിരായ ലൈംഗികാതിക്രമ പരാതി; പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ

വിവരങ്ങൾ പുറത്ത് വിടരുതെന്ന് പൊലീസിന് നിർദേശം നൽകണമെന്നും പരാതിക്കാരി പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമ കേസിൽ പൊലീസ് നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ. പൊലീസിൻ്റെ നോട്ടീസിനെതിരെയാണ് പരാതിക്കാരി ഹൈക്കോടതിയെ സമീപിക്കുന്നത്. പൊലീസിൻ്റെ നോട്ടീസിൽ തൻ്റെ വ്യക്തിവിവരങ്ങൾ ഉണ്ടെന്നും, തന്നെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിടരുതെന്ന് പൊലീസിന് നിർദേശം നൽകണമെന്നും പരാതിക്കാരി ഹർജിയിൽ പറഞ്ഞു.

വേടനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ മൊഴി നൽകാൻ വിളിപ്പിച്ച നോട്ടീസ് റദ്ദാക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു. അതേസമയം, മൊഴിയെടുക്കാനുള്ള പൊലീസിൻ്റെ നോട്ടീസിൽ പരാതിക്കാരി ഇതുവരെ പ്രതികരിക്കാത്തതിനാൽ കേസ് അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. പരാതിക്കാരിയുടെ മൊഴിയില്ലാതെ അന്വേഷണം തുടരാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഗവേഷക വിദ്യാർഥി മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് വേടനെതിരെ കേസെടുത്തത്. കൊച്ചിയിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി വേടൻ ലൈംഗിക അതിക്രമം കാട്ടിയെന്നായിരുന്നു പരാതി. കേസിൽ വേടനെ നേരത്തെ തന്നെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴിയെടുക്കാനുള്ള നോട്ടീസിൽ പരാതിക്കാരി പ്രതികരിച്ചിട്ടില്ലെന്നാണ് പൊലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.

SCROLL FOR NEXT