തിരുവനന്തപുരം: ഡോക്ടർ ഹാരിസിനെ വെട്ടിലാക്കുന്ന ആരോപണവുമായി സർക്കാർ. ഡോ. ഹാരിസ് വകുപ്പ് മേധാവിയായ തിരുവനന്തപുരം മെഡി. കോളേജ് യൂറോളജി ഡിപ്പാർട്ട്മെന്റിന് കീഴിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ കാണാതായതായി ആരോഗ്യമന്ത്രി. ഉപസമിതിയാണ് ഉപകരണങ്ങൾ കാണാതായ കാര്യം കണ്ടെത്തിയത്. ഇക്കാര്യത്തിൽ വകുപ്പ് തല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
റിപ്പോർട്ടന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. വകുപ്പുതല അന്വേഷണത്തിൽ കാര്യങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പൊലീസ് അന്വേഷണം നടത്തുമെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.
അതേസമയം, മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച വിവാദത്തിൽ വിദഗ്‌ധസമിതിയുടെ വാദം തെറ്റാണെന്ന് ഡോക്ടർ ഹാരിസ്. ഉപകരണ ക്ഷാമം കൃത്യമായി അറിയിച്ചു. തന്നെ കുടുക്കുന്നത് ആരാണ് എന്ന് വഴിയേ അറിയുമെന്നും ഡോക്ടർ ഹാരിസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് മാർച്ച് 10 ആദ്യ കത്ത് കൊടുത്തിരുന്നു. ജൂൺ 6നാണ് രണ്ടാമത്തെ കത്ത് കൊടുത്തെന്ന് വ്യക്തമാകുന്ന തരത്തിൽ ഹാരിസ് നൽകിയ കത്തിൻ്റെ പകർപ്പും പുറത്തുവന്നിട്ടുണ്ട്.