ആലപ്പുഴ: മുസ്ലീം ലീഗിനെതിരെ കടുത്ത വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ലീഗ് കടുത്ത ഹിന്ദു വിരുദ്ധ നിലപാടിലേക്ക് മാറിയെന്ന് ആക്ഷേപം. "മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല"; ഭരണത്തിലേറും മുൻപേ ലീഗ് കേരളം ഭരിക്കാൻ തുടങ്ങിയെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.
തന്നെ വർഗീയവാദിയാക്കി ചിത്രീകരിച്ച് തെരുവിൽ ആക്ഷേപിക്കാൻ ലീഗ് ആസൂത്രിത ശ്രമം നടത്തുന്നുവെന്ന് വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ ഭയന്നോടില്ല; ഏത് വെല്ലുവിളിയും നേരിടാൻ എസ്എൻഡിപി യോഗം സജ്ജമാണെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലീഗ് നേതൃത്വം ഇരട്ടത്താപ്പ് നിർത്തണം. കെ.എം ഷാജിയെപ്പോലെ വർഗീയവിഷം ചീറ്റുന്നവരെ മന്ത്രിയാക്കാൻ നീക്കമെന്നും ആക്ഷേപം.
മതേതര വിരുദ്ധതയെ എതിർക്കുന്നവരെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാൻ ലീഗ് ശ്രമിക്കുന്നുവെന്ന് യോഗനാദം എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളിയുടെ വിമർശനം. അധികാരക്കസേരകൾ ഉറപ്പായതോടെ യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലീം ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകൾ വ്യക്തമാകുന്നുണ്ട്.
കോൺഗ്രസിൻ്റെ മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിച്ചുകൊള്ളാമെന്ന് അഭിപ്രായം പറഞ്ഞതിന് മൂവാറ്റുപുഴ നിയുക്ത എം.എൽ.എ. മാത്യു കുഴൽനാടനെതിരെ അവിടെ സ്വന്തം മുന്നണിയിൽപ്പെട്ട ലീഗുകാർ അധിക്ഷേപ പ്രകടനം നടത്തി. തിരഞ്ഞെടുപ്പ് വിജയത്തിന് മാത്യു നിശ്ചയിച്ച സ്നേഹവിരുന്നുപോലും നടത്താനാവാത്ത ദുരവസ്ഥ ഈ കേരളത്തിലുണ്ടായി.
എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും വെള്ളാപ്പള്ളി നടേശനുമാണ് ഇപ്പോൾ ലീഗിൻ്റെ മുഖ്യശത്രുക്കൾ. മതസൗഹാർദത്തിന് വേണ്ടി പ്രവർത്തിക്കുന്നവരാണെന്ന് ഒരുവശത്ത് പറയുകയും മറുവശത്ത് മധുരം പുരട്ടി മതവിദ്വേഷം പ്രചരിപ്പിക്കുകയുമാണ് ലീഗ്. ഈ ഇരട്ടത്താപ്പ് ഞങ്ങളെല്ലാം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ മതേതര സമൂഹത്തിന് മുന്നിൽ ഉടുമുണ്ട് അഴിഞ്ഞ നിലയിൽ നിൽക്കുകയാണ് മുസ്ലീം ലീഗ് നേതൃത്വം.
ഭരണക്കസേരയിലേറിക്കഴിഞ്ഞ് ഇവർ എന്തൊക്കെ ചെയ്തുകൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. മതത്തിൻ്റെ പേരിലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറിച്ച് പറയാൻ ഒരർഹതയും ഇല്ല. ഇന്ത്യയെ മതപരമായി വിഭജിക്കാൻ മുന്നിൽ നിന്ന അഖിലേന്ത്യാ ലീഗിൻ്റെ അവശിഷ്ടമാണ് കേരളത്തിലെ മുസ്ലീം ലീഗെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദുക്കളെ കൊന്നുതള്ളിയ മലബാർ കലാപത്തിൻ്റെ നാട്ടിലാണ് മുസ്ലീം ലീഗ് വളർന്ന് പന്തലിച്ചത്. അന്ന് അവിടെ നടന്ന കൂട്ടക്കൊലയെ സ്വാതന്ത്ര്യസമരമാക്കി മാറ്റിയ തന്ത്രമൊന്നും ഇനി വിലപ്പോകില്ല. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏത് കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി ഇന്ന് യോഗത്തിനുണ്ടെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.