വെള്ളാപ്പള്ളി നടേശൻ  Source: News Malayalam 24x7
KERALA

മലപ്പുറം പ്രസംഗം അടക്കമുള്ള പ്രതികരണങ്ങൾ വളച്ചൊടിച്ചു; മാധ്യമങ്ങളെ വിമർശിച്ച് വെള്ളാപ്പള്ളി

സാക്ഷാൽ പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

കോട്ടയം: മലപ്പുറം പ്രസംഗം അടക്കമുള്ള പ്രതികരണങ്ങൾ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയൻ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങൾ പത്തി താഴ്ത്തിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. ലീഗ് നാഴികയ്ക്ക് നാൽപ്പതു വട്ടം മതേതരത്വം പറയുന്നുണ്ട്. പക്ഷേ, ലീഗ് വർഗീയ പാർട്ടിയാണ്. ലീഗിന് മുസ്ലീങ്ങൾ അല്ലാത്ത എംഎൽഎമാരില്ലെന്നും വെള്ളപ്പാള്ളി പറഞ്ഞു.

പാലായിൽ വൻ പങ്കാളിത്തത്തോടെ സമ്മേളനം നടത്താൻ കഴിഞ്ഞത് എസ്എൻഡിപി യൂണിയൻ്റെ ശക്തി തെളിയിക്കുന്നു. പാലായിലുള്ളത് ക്രിസ്ത്യൻ ആധിപത്യമാണ്. എന്നാൽ തദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണ്. എംഎൽഎ ഫണ്ടും എംപി ഫണ്ടും ഈഴവ വിഭാഗങ്ങൾക്ക് അന്യമാകുന്നു. പള്ളിയിലേക്കും മറ്റും വഴിവെട്ടാൻ പണം കൊടുക്കുന്നുവെന്നും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു.

സംസ്ഥാനത്ത് മുസ്ലീം മാനേജ്മെൻ്റിന് 42 കോളേജുകളാണ് ഉള്ളത്. ക്രൈസ്തവ മാനേജ്മെൻ്റിന് 78മാണ് ഉള്ളത്. എന്നാൽ 18 കോളേജുകൾ മാത്രമാണ് എസ്എൻഡിപിക്ക് ഉള്ളതെന്നും വെള്ളാപ്പള്ളി പറഞ്ഞു. വലിയ തുക ശമ്പള ഇനത്തിൽ ജീവനക്കാരുടെ പക്കൽ എത്തുന്നു. സ്കൂളുകളുടെ കാര്യത്തിലും എസ്എൻഡിപിക്ക് എണ്ണം കുറവാണ്.

സാമൂഹിക നീതി നടപ്പക്കണമെന്നും വെള്ളാപ്പള്ളി ആവശ്യമുന്നയിച്ചു. മാണി സാർ സഹായിച്ചിട്ടുണ്ട്. എല്ലാർക്കും കൊടുക്കുമ്പോൾ പൊട്ടും പൊടിയും എസ്എൻഡിപി യൂണിയന് തന്നിട്ടുണ്ട്. എന്നാൽ മകൻ സൂത്രക്കാരനെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറം ജില്ല പ്രത്യേക രാജ്യവും സംസ്ഥാനവുമാണ്. അവിടെ സ്വതന്ത്രമായി ജീവിക്കാനാകില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. സ്വാതന്ത്ര്യത്തിൻ്റെ ഗുണഫലത്തിൻ്റെ ഒരംശം പോലും പിന്നാക്ക വിഭാഗങ്ങൾക്ക് മലപ്പുറത്ത് ലഭിച്ചിട്ടില്ല. എല്ലാവർക്കും വോട്ട് കൊടുക്കാൻ മാത്രം വിധിക്കപ്പെട്ട വോട്ടുകുത്തിയന്ത്രങ്ങളാണ് ഈഴവർ. നിങ്ങൾക്ക് പഠിക്കാൻ മലപ്പുറത്ത് കുടിപ്പള്ളിക്കൂടമെങ്കിലും തരുന്നുന്നുണ്ടോ. തൊഴിലുറപ്പിൽ വളരെ പ്രാതിനിധ്യമുണ്ട് എന്നാൽ മറ്റെന്തിലാണ് പ്രാതിനിധ്യമുള്ളതെന്നും വെള്ളാപ്പള്ളി ചോദ്യമുന്നയിച്ചിരുന്നു.

SCROLL FOR NEXT