ആഗോള അയ്യപ്പ സംഗമം നടത്തുന്നത് നല്ലതാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യാതൊരു ഉപാധികളുമില്ലാതെയാണ് എസ്എൻഡിപി സംഗമത്തെ പിന്തുണയ്ക്കുന്നത്. അയ്യപ്പൻ്റെ പ്രശസ്തി ആഗോളതലത്തിലേക്ക് ഉയരുന്നത് ദേവസ്വം ബോർഡിൻ്റെ ചെറു ക്ഷേത്രങ്ങൾക്കടക്കം നല്ലതാണ്. ഭക്തരെ കേരളത്തിലേക്ക് ആകർഷിക്കുന്നത് നല്ല കാര്യമാണ്.
ആചാരം പാലിക്കപ്പെടുമെന്ന് സർക്കാരും ദേവസ്വംബോർഡും വ്യക്തമാക്കിയതാണ്. എന്നിട്ടും ആഗോള അയ്യപ്പ സംഗമം നടത്തുന്നതിന് മുഖ്യമന്ത്രി മാപ്പുപറയണമെന്ന് ബിജെപി എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് മനസിലാകുന്നില്ല. സ്ത്രീ പ്രവേശനം കഴിഞ്ഞ അദ്ധ്യായമാണ്. ശബരിമല സമരകാലത്തെ കേസുകൾ പിൻവലിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
അയ്യപ്പ സംഗമത്തിൽ വിശ്വാസത്തിൻ്റെയും അവിശ്വാസത്തിൻ്റെയും കാര്യങ്ങളില്ല. കമ്മ്യൂണിസ്റ്റുകാരിൽ ബഹുഭൂരിപക്ഷവും വിശ്വാസികളാണ് എന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത് തൻ്റെ അറിവോടെയാണ്. പ്രതിപക്ഷ നേതാവിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കേണ്ടായെന്ന് താൻ സംഘാടകരോട് പറഞ്ഞുവെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.