KERALA

ആരിഫിന് സീറ്റ് കൊടുക്കുന്നത് പാർട്ടിയിൽ നിന്ന് ചാടിപ്പോകാതിരിക്കാൻ; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: എ.എം. ആരിഫിനെതിരെ പരിഹാസവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആരിഫിന് ലീഗിൻ്റെ മനസാണെന്നും, ആരിഫിന് സീറ്റ് കൊടുക്കുന്നത് പാർട്ടിയിൽ നിന്ന് ചാടിപ്പോകാതിരിക്കാനെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് സഹായം തേടി വന്നിട്ട് എംപിയായപ്പോൾ തള്ളി പറഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ മുസ്ലീം വിരുദ്ധ പരാമർശം പ്രതിരോധിക്കുന്നതിൽ സിപിഐഎമ്മിന് വീഴ്ചയുണ്ടായെന്ന് ആരിഫ് പറഞ്ഞിരുന്നു. ആ പരാമർശം പുറത്തുവന്നതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ വിമർശനം.

താൻ കാരണമാണ് തോറ്റത് എന്ന് സിപിഐഎമ്മിനുള്ളിൽ ചർച്ചയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റിലും അത്തരം ചർച്ച നടന്നിട്ടില്ല. സിപിഐക്കും അങ്ങനെ അഭിപ്രായമില്ല. പി. പ്രസാദ് തന്നെ സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹവും അത് തന്നെ പറഞ്ഞുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. തന്നെയും സമുദായത്തെയും അപകീർത്തിപ്പെടുത്താൻ ചിലർ നടത്തുന്ന ശ്രമമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. "പിണറായി വരുന്നതിൽ ഒരു കുഴപ്പവും ഇല്ല. അദ്ദേഹം 10 കൊല്ലം ഭരിച്ചു. മാധ്യമങ്ങൾ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങൾ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തിൽ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങൾ പിണറായി ചെയ്തു. പലതും അറിയിക്കാൻ മാധ്യമങ്ങൾ തയ്യാറായില്ല. ഇടതുപക്ഷം തരിപ്പണമായി. അത് അംഗീകരിക്കുന്നു" വെള്ളാപ്പള്ളി പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രി ആരെന്ന് അറിയാൻ കാത്തിരിക്കാം എന്നായിരുന്നു യുഡിഎഫ് മുഖ്യമന്ത്രി ചർച്ചയോട് വെള്ളാപ്പള്ളി പ്രതികരിച്ചത്. "വേവോളം കാത്തിരുന്നു, ഇനി ആറോളം കാത്തിരിക്കാം. ഇന്നോ നാളെയോ വരും പ്രഖ്യാപനം എന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കും. അത് പറയാൻ ഞാൻ ആളല്ല. ആരായാലും അവർ പ്രഖ്യാപിക്കുന്നത് നമ്മൾ സ്വീകരിക്കണമല്ലോ. നല്ല ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിക്കട്ടെ." വെള്ളാപ്പള്ളി പറഞ്ഞു.

SCROLL FOR NEXT