വെള്ളാപ്പള്ളി നടേശൻ Source: Facebook/ Vellappally Nateshan
KERALA

എന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം, ഞാൻ തീയിൽ കുരുത്തവൻ: വെള്ളാപ്പള്ളി

"ഇവിടെ ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല. നായർക്കും ക്രിസ്ത്യാനിക്കും ഒക്കെ പറ്റും. നായാടി മുതൽ നസ്രാണി വരെയുള്ള കൂട്ടായ്മ ആണ് ഇന്നത്തെ കാലത്ത് വേണ്ടത്"

Author : ന്യൂസ് ഡെസ്ക്

മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി എസ്‍എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇവിടെ പാര വെക്കുന്നവരുമുണ്ട് പാലം വലിക്കുന്നവരുമുണ്ടെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. എനിക്ക് ആരെയും പേടിയില്ല. തീയിൽ കുരുത്തവൻ ആണ് ഞാൻ. വിമർശിക്കും തോറും എനിക്കാണ് പ്രശസ്തി കൂടുന്നതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു.

അവശത അനുഭവിക്കുന്ന എല്ലാവർക്കും വേണ്ടി ആണ് ഇവിടെ സംവരണം ഉണ്ടാക്കിയതെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. അടിച്ചമർത്തപെട്ടവർക്ക് വേണ്ടി സംസാരിക്കുന്ന സംഘടന ആണ് എസ്എൻഡിപി. അത് പറയുമ്പോൾ ജാതി പറയരുത് എന്ന് പറയരുത്. ഡോ. പൽപ്പു ഒരു കാലത്ത് അനുഭവിക്കേണ്ടി വന്ന ദുഃഖം ഇപ്പോഴും സമുദായ അംഗങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്നു. ഈഴവന് മാത്രം ജാതി പറയാൻ പറ്റില്ല. നായർക്കും ക്രിസ്ത്യാനിക്കും ഒക്കെ പറ്റുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

നായാടി മുതൽ നസ്രാണി വരെയുള്ള കൂട്ടായ്മ ആണ് ഇന്നത്തെ കാലത്ത് വേണ്ടത്. വിഎസ് അച്യുതാനന്ദൻ, എകെ ആൻ്റണി എന്നിവർ നേരത്തെ സംഘടിത മത ശക്തികളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ഞാൻ പറഞ്ഞാൽ മാത്രമേ പ്രശ്നം ആകുന്നുള്ളൂ. മലപ്പുറത്ത് മുസ്ലിം സമുദായം എല്ലാ സൗകര്യങ്ങളും അനുഭവിക്കുന്നു എന്നാണ് പറഞ്ഞത്. തൻ്റെ സമുദായം എല്ലാ കഷ്ടതകളും അനുഭവിക്കുന്നു എന്നാണ് പറഞ്ഞത്. താൻ മുസ്ലീം വിരുദ്ധനല്ല. എന്റെ കേസുകൾ എല്ലാം നോക്കുന്നത് മുസ്ലീം ആയ അഭിഭാഷകനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തന്നെ മുസ്ലീം വിരുദ്ധനായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു. മലപ്പുറത്ത് വിദ്യാഭാസ മേഖലയിൽ ഉൾപ്പെടെ വിവേചനം നേരിടുന്നു. സ്ഥാപനങ്ങൾ കൂടുതലും ഉള്ളത് മുസ്ലിം സമുദായത്തിനാണ്. നമുക്കും കുറച്ച് പൊട്ടും പൊടിയും എങ്കിലും വേണം എന്നെ പറഞ്ഞുള്ളൂ. അപ്പോഴേക്കും കൊടുവാൾ കൊണ്ട് ഇറങ്ങുന്നു. അഭിപ്രായം പറഞ്ഞതിൽ നിന്ന് മാറുന്നില്ല. അതിൻ്റെ പേരിൽ തുലച്ച് കളയും എങ്കിൽ ആവാം. ജനസംഖ്യ ആനുപാതികമായി എത്ര വിദ്യാഭാസ സ്ഥാപനങ്ങൾ ഉണ്ടെന്നും വെള്ളാപ്പള്ളി ചോദിച്ചു.

അതേസമയം, ഗുരുദേവൻ എന്താണ് അരുതെന്ന് പറഞ്ഞിരുന്നത് അതാണ് വെള്ളാപ്പള്ളി ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. എൻ്റെ മണ്ഡലത്തിൽ 52% വോട്ടർമാരും ഈഴവ വിഭാഗത്തിലേതാണ്. എന്നെക്കുറിച്ച് അറിയാൻ മണ്ഡലത്തിൽ തിരക്കിയാൽ മതി. ഒരു ഈഴവ വിരോധവും ഞാൻ കാണിച്ചില്ല. ഞാനും ഒരു ശ്രീനാരായണീയനാണ്. ആരു വർഗീയത പറഞ്ഞാലും അംഗീകരിക്കില്ലെന്നും വിഡി. സതീശൻ പ്രതികരിച്ചു.

കോട്ടയത്ത് നടന്ന എസ്എന്‍ഡിപി നേതൃസംഗമം പരിപാടിയിലെ വെള്ളാപ്പള്ളി നടേശന്റെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. മുസ്ലീം ജനസംഖ്യ കേരളത്തിൽ വർധിക്കുകയാണെന്നും ഈഴവ സമുദായത്തിന് പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരമാർശം. കാന്തപുരം പറയുന്നത് കേട്ട് ഭരിച്ചാൽ മതിയെന്ന സ്ഥിതിയാണ് കേരള സർക്കാരിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതാണ് വിമർശനങ്ങള്‍ക്ക് കാരണമായത്. എന്നാൽ, വിമർശനം ഉയർന്നിട്ടും ഈ നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സമീപനമായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്.

SCROLL FOR NEXT