പാലക്കാട്: വെള്ളിനേഴി ഗ്രാമ പഞ്ചായത്തിന്റെ ജൈവവൈവിധ്യ പദ്ധതി നാടിന് മാതൃകയാണ്. പ്രകൃതി സംരക്ഷണം ഒരു ഉത്തരവാദിത്തമായി ഓരോരുത്തരും കാണേണ്ട കാലമാണെന്ന് പഞ്ചായത്ത് പറയുന്നു. മിയാവാക്കി വനം ഉൾപ്പെടെയുള്ള പഞ്ചായത്തിന്റെ പദ്ധതികൾ കണ്ട് മനസിലാക്കാൻ ധാരാളം പേർ ഇന്ന് എത്തുന്നുണ്ട്.
ഒരു നാട് വളരേണ്ടത് എങ്ങനെയാണ്. പ്രകൃതിയാകെ നശിപ്പിച്ചുകൊണ്ട് ശ്വസിക്കാൻ ശുദ്ധമായ വായു പോലുമില്ലാത്ത വികസനം യഥാർഥത്തിൽ വികസനമാണോ. രണ്ടാമതൊന്ന് ആലോചിക്കാതെ വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് അത് തങ്ങളുടെ വഴിയല്ലെന്ന് ഉറപ്പിച്ച് പറയും. പഞ്ചായത്ത് മുന്നോട്ട് വെച്ച ജൈവവൈവിധ്യ പദ്ധതി ഇന്നൊരു മാതൃകയാണ്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്കാരം നേടിയ ജപ്പാൻ സസ്യ ശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത ഒരു വനവൽക്കരണരീതിയാണ് മിയാവാക്കി വനം. ആ മാതൃകയിൽ പഞ്ചായത്തും വനം നിർമിച്ചു.
പഞ്ചായത്തിൽ 6350 വീടുകളിലും എല്ലാം വർഷവും ഔഷധ ചെടികൾ നൽകുന്ന ഔഷധഗ്രാമം പദ്ധതി, ശലഭങ്ങൾക്ക് ഒരിടം നൽകാൻ ശലഭോദ്യാനം പദ്ധതി. ഇതെല്ലാം പഞ്ചായത്തിന് കീഴിൽ ഉണ്ട്. നക്ഷത്ര വനം, കരിമ്പനാകൂട്ടം കാർബൻ ന്യുടെൽ വന വൽക്കരണം അങ്ങനെ വേറെയും പദ്ധതികൾ.
അഞ്ച് വർഷം കൊണ്ട് 15 ലക്ഷം രൂപ ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചു. ജൈവവൈവിദ്ധ്യ ബോർഡിന്റെ സഹായം പഞ്ചായത്തിന് ലഭിച്ചു. പ്രകൃതി സംരക്ഷണത്തിന് മികച്ച മാതൃക മുന്നോട്ടുവച്ചതിന് നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. പരിസ്ഥിതിയിലുള്ള ഇടപെടലുകൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകേണ്ട കാലമാണെന്നു അടിവരയിടുന്നു പഞ്ചായത്ത്. ആ വീക്ഷണം ചെറുതല്ലാത്ത കയ്യടി അർഹിക്കുന്നു.