കൊല്ലം: ചവറ സ്വദേശി വേണുവിന്റെ മരണത്തിൽ ആശുപത്രികൾക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദഗ്ധ സംഘത്തിന്‍റെ അന്വേഷണ റിപ്പോർട്ട് പുറത്ത്. വേണുവിനെ ചികിത്സിച്ച ചവറ സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെ അനാസ്ഥ ഉണ്ടായെന്ന് ഡിഎംഇ റിപ്പോർട്ട്. കൊല്ലത്തെ ആശുപത്രികളിൽ രോഗം കണ്ടെത്താനായില്ലെന്നും അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ഗുരുതര വീഴ്ച ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടിൽ, പക്ഷെ ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയില്ല.
കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ നൽകിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. കാത്ത് ലാബ് മുഴുവൻ സമയവും പ്രവർത്തിക്കാത്തത് തിരിച്ചടിയായി. കാർഡിയോളജി വിഭാഗത്തിൽ വേണ്ടത്ര ജീവനക്കാരുണ്ടായിരുന്നില്ല. മെഡിക്കൽ കോളേജിലേക്കുള്ള റഫറലും യാത്രയും വൈകിയെന്ന് റിപ്പോർട്ടിൽ പറയുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ പിഴവുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവിൽ പ്രവേശിപ്പിച്ചില്ല. മെഡിക്കൽ വാർഡിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ കിട്ടാൻ വൈകി. ആൻജിയോപ്ലാസ്റ്റി നടത്താമെന്ന് ബന്ധുക്കളോട് നിർദേശിച്ചെങ്കിലും ഫയലിൽ രേഖപ്പെടുത്തിയില്ല. വീൽചെയറിൽ വേണുവിനെ കൊണ്ടുപോകാൻ ബുദ്ധിമുട്ടിയ ഭാര്യയെ മെഡിക്കൽ കോളേജിലെ ജീവനക്കാർ സഹായിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം, ഗുരുതര വീഴച്ച കണ്ടെത്തിയിട്ടുണ്ട് ജീവനക്കാർക്കെതിരെ നടപടിക്ക് ശുപാർശയില്ല. കൂട്ടിരുപ്പുകാർക്ക് മനസിലാകുന്ന ഭാഷയിൽ കാര്യങ്ങൾ പറയണമെന്നും മെഡിക്കൽ കോളേജിലെ ജീവനക്കാർ രോഗികളോട് കൂടുതൽ നന്നായി പെരുമാറണമെന്നും നിർദേശമുണ്ട്.