മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുന്‍ അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട നൽകി രാഷ്ട്രീയ കേരളം. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.എസ്. ശ്രീധരൻപിള്ള, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ ഇന്ദിരാ ഭവനിൽ എത്തി അന്ത്യാഞ്ജലി അർപ്പിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു തെന്നലയുടെ നിര്യാണം.
തെന്നലയുടെ സംശുദ്ധ രാഷ്ട്രീയ ജീവിതത്തെ ഓർമപ്പെടുത്തിയായിരുന്നു മരണ ശേഷമുള്ള സാംസ്കാരിക പ്രവർത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും പ്രതികരണങ്ങള്‍. തെന്നല ബാലകൃഷ്ണപ്പിള്ളയുടെ വിയോഗം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് വലിയ ദുഃഖവും തീരാനഷ്ടവുമാണെന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചത്. അധികാരവും, അധികാരമില്ലായ്മയും ഒരു പോലെയെന്ന് കണ്ട രാഷ്ട്രീയ ജീവിതത്തിനുടമായാണ് തെന്നലയെന്ന് മുഖ്യമന്ത്രി അനുശോചനത്തില്‍ ഓർമിപ്പിച്ചു. കത്തിച്ചു വെച്ച നിലവിളക്കുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഐശ്വര്യമായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.
1931 മാർച്ച് 11ന് കൊല്ലം ജില്ലയിലെ ശൂരനാട് ആണ് തെന്നല ബാലകൃഷ്ണപിള്ളയുടെ ജനനം. അടൂരില്‍ നിന്ന് രണ്ട് തവണ (1977-1980, 1982-1987) ആണ് തെന്നല ബാലകൃഷ്ണപിള്ള നിയമസഭാംഗമായത്. 1981-92 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. മൂന്ന് തവണ രാജ്യസഭാംഗമായി. 1991ലാണ് ആദ്യമായി തെന്നല രാജ്യസഭയിലേക്ക് എത്തിയത്. 1998ൽ സ്ഥാനമൊഴിഞ്ഞ വയലാർ രവിക്ക് പകരമായാണ് തെന്നല ആദ്യമായി കെപിസിസി പ്രസിഡന്റാകുന്നത്. 2001 വരെ അധ്യക്ഷ സ്ഥാനത്ത് തുടർന്നു. 2001ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ യുഡിഎഫ് വൻ വിജയം നേടി. പിന്നാലെ കെ. മുരളീധരന് വേണ്ടി അധ്യക്ഷ പദവി ഒഴിഞ്ഞു. 2004-2005 കാലഘട്ടങ്ങളില്‍ വീണ്ടും കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്തി.