KERALA

ശ്രീശങ്കരാചര്യ സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധം; വിമർശനവുമായി താത്കാലിക വി.സി. സിസി തോമസ്

കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് വേണ്ടിയാണ് എസ്എഫ്ഐ ഇപ്പോൾ സമരം നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി

Author : ന്യൂസ് ഡെസ്ക്

എറണാകുളം; കാലടി ശ്രീശങ്കരചര്യ സർവകലാശാലയിലെ എസ് എഫ് ഐ പ്രതിഷേധത്തിനെതിരെ താത്കാലിക വി സി സിസ തോമസ്. കഴിഞ്ഞ ദിവസം തനിക്കെതിരെ കയ്യേറ്റം നടന്നെന്നും സിൻഡിക്കേറ്റ് അംഗങ്ങളെ മുറിയിൽ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞു. എസ്എഫ്ഐയുടെ സമരരീതി അപരിഷ്കൃതമെന്നായിരുന്നു ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിന്റെ വിമർശനം. എന്നാൽ പഠന സൗകര്യങ്ങൾ ആവശ്യപ്പെട്ടുള്ള വിദ്യാർഥി സമരത്തെ തെറ്റായി ചിത്രീകരിച്ചെന്നാണ് എസ് എഫ് ഐയുടെ വിശദീകരണം.

പിഎച്ച് ഡി ഡയറക്ടറേറ്റ് സ്ഥാപിക്കുക, മതിയായ ക്ലാസ് മുറികൾ ഒരുക്കുക , ഫൈൻ ആർട്സ് , തീയറ്റർ , മ്യൂസിക് , എംപിഎസ് , ഡാൻസ് എന്നീ വിഭാഗങ്ങളിലെ പഠന അന്തരീക്ഷം മെച്ചപ്പെടുത്തുക തുടങ്ങി 18 ഓളം ആവശ്യങ്ങൾ ഉന്നയിച്ചാണ് കഴിഞ്ഞ 25 ദിവസമായി കാലടി ശ്രീശങ്കരാചാര്യ സർവകലാശാലയിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് മുന്നിൽ എസ്എഫ്ഐ സമരം നടത്തുന്നത് . ഇതിനിടെയായിരുന്നു ഇന്നലെ സർവകലാശാലയിൽ ചേർന്ന സിൻഡിക്കേറ്റ് യോഗത്തിലേക്ക് ശവമഞ്ചം അടക്കം കൊണ്ട് വന്നുള്ള എസ്എഫ്ഐ പ്രതിഷേധം . വി സി യെയും സിൻഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാർ തടഞ്ഞ് വെച്ചു.

കഴിഞ്ഞ 10 വർഷം ഭരിച്ചിട്ടും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾക്ക് വേണ്ടിയാണ് എസ്എഫ്ഐ ഇപ്പോൾ സമരം നടത്തുന്നതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു . എന്നാൽ വൈസ് ചാൻസിലർ സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തി എന്ന ആരോപണം അടിസ്ഥാന രഹിതം ആണെന്നാണ് എസ്എഫ്ഐയുടെ വിശദീകരണം. തീയറ്റർ വിഭാഗത്തിലെ ഉപകരണങ്ങൾ നശിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ തിയേറ്റർ വിഭാഗത്തിലെ വിദ്യാർത്ഥികൾ ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ച് നടത്തിയ പ്രതിഷേധ നാടകമായിരുന്നു ഇന്നലെ നടന്നത് എന്ന് വിദ്യാർഥികൾ പറയുന്നു. വിദ്യാർഥികൾ മുന്നോട്ടുവെക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് എസ്എഫ്ഐയുടെ തീരുമാനം.

SCROLL FOR NEXT