കേരള സർവകലാശാല Source: News Malayalam 24x7
KERALA

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വിസി; ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കാന്‍ സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തി

സിൻഡിക്കേറ്റ് യോഗം ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് 16 അംഗങ്ങൾ ഒപ്പിട്ട നിവേദനം വിസി ഡോ. സിസ തോമസിന് നേരിട്ട് നൽകിയതിന് പിന്നാലെയാണ് തീരുമാനം

Author : ന്യൂസ് ഡെസ്ക്

കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗം വിളിച്ച് വൈസ് ചാന്‍സലർ ഡോ.സിസാ തോമസ്. രജിസ്ട്രാറുടെ സസ്പെൻഷൻ നടപടി ചർച്ച ചെയ്യാൻ യോഗം വിളിക്കണമെന്ന് ഇടതുപക്ഷ- കോൺഗ്രസ് സിൻഡിക്കേറ്റ് അംഗങ്ങൾ വിസിക്ക് കത്തു നൽകിയതിന് പിന്നാലെയാണ് തീരുമാനം. ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനായി സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തിയും വിസി ഉത്തരവിട്ടു.

സിൻഡിക്കേറ്റ് യോഗം ഉടൻ ചേരണമെന്ന് ആവശ്യപ്പെട്ട് 16 അംഗങ്ങൾ ഒപ്പിട്ട നിവേദനം വിസി ഡോ. സിസ തോമസിന് നേരിട്ട് നൽകിയതിന് പിന്നാലെയാണ് തീരുമാനം. നാളെ രാവിലെ 10നാണ് യോഗം ചേരുക. രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത നടപടിയിൽ ഹൈക്കോടതിയിൽ നൽകുന്ന വിശദീകരണം സിൻഡിക്കേറ്റ് തീരുമാനമായിരിക്കണം എന്ന് അംഗങ്ങൾ വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഈ ആവശ്യം വിസി പൂർണമായി തള്ളി. കോടതിയിൽ നൽകേണ്ട സ്റ്റേറ്റ്‌മെന്റ് ഓഫ് ഫാക്ട്സ് എന്തായിരിക്കണമെന്ന് വിസി തീരുമാനിക്കുമെന്ന് സിസാ തോമസ് വ്യക്തമാക്കി. രജിസ്ട്രാർക്കെതിരായ നടപടിയിൽ സർവകലാശാലയും വിസിയും വ്യത്യസ്ത നിലപാടുകളിലാണ്. ഈ സാഹചര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാനായി സീനിയർ അഭിഭാഷകനെ ചുമതലപ്പെടുത്തി വിസി ഉത്തരവിട്ടു. അതേസമയം, ഉടൻ സിൻഡിക്കേറ്റ് യോഗം ചേരേണ്ടതില്ലെന്നായിരുന്നു ബിജെപി അംഗങ്ങളുടെ നിലപാട്.

കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹൻ കുന്നുമ്മൽ റഷ്യൻ സന്ദർശനത്തിന് പോകുന്ന പശ്ചാത്തലത്തിലാണ് ഡിജിറ്റൽ സർവകലാശാല വിസി ഡോ. സിസാ തോമസിന് ഗവർണർ കേരളസർവകലാശാലയുടെയും അധിക ചുമതല താല്‍ക്കാലികമായി നല്‍കിയത്. ജൂലായ് എട്ടാം തീയതി വരെയാണ് സിസാ തോമസിന് ചുമതല നൽകിയിരിക്കുന്നത്.

SCROLL FOR NEXT