കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍, കണ്ണൂര്‍ യൂണിറ്റിലെ സിഐ ബിനു മോഹനെ മാറ്റി നിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് മുഹമ്മദ് ഷമ്മാസ്. ബിനു മോഹന്‍, പി.പി. ദിവ്യയുടെ അടുത്ത സുഹൃത്തെന്ന് കാണിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി.
നവീന്‍ ബാബു കേസില്‍ ബിനു മോഹൻ ദിവ്യയെ സഹായിച്ചെന്ന് ആരോപണം ഉയര്‍ന്നിരുന്നു. അന്വേഷണം നേരിടുന്ന കാര്‍ട്ടണ്‍ ഇന്ത്യ അലയന്‍സിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ബിനുവിന്റെ സഹോദരനും ഉണ്ട്. ബിനു മോഹന്റെ സാന്നിധ്യത്തില്‍ കൃത്യമായ അന്വേഷണം നടക്കില്ലെന്നും പരാതിയില്‍ പറയുന്നു.
ബിനു മോഹനും പിപി ദിവ്യയും അടുത്ത സുഹൃത്തുക്കളായതിനാല്‍ തന്നെ അന്വേഷണ സമയത്ത് ബിനു മോഹനെ കണ്ണൂരിലെ വിജിലന്‍സ് യൂണിറ്റില്‍ നിലനിര്‍ത്താന്‍ പാടില്ല എന്നതാണ് ഉന്നയിക്കുന്ന മറ്റൊരു പ്രധാന വിഷയം. കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ വലിയ ക്രമക്കേടുണ്ടെന്നും കാര്‍ട്ടണ്‍ ഇന്ത്യ ദിവ്യയുടെ ബെനാമി കമ്പനിയാണെന്നും ഷമ്മാസ് ആരോപണം ഉന്നയിക്കുന്നുണ്ട്.
പി. പി. ദിവ്യ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് ടെന്‍ഡര്‍ ഇല്ലാതെ കരാറുകള്‍ നല്‍കിയെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടത്. മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത്.