Source: Screengrab
KERALA

ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടെന്ന് വിജിലൻസ് കണ്ടെത്തൽ; മാളികപ്പുറം മേല്‍ശാന്തി നിക്ഷേപിച്ചത് 46 ലക്ഷം

ഇക്കാലയളവിൽ എട്ട് കോടിയിൽ പരം രൂപയുടെ 1,667 ഇടപാടുകൾ ശാന്തിക്കാരും കീഴ് ശാന്തിക്കാരും ഹോട്ടലുകാരും ചേർന്ന് നടന്നത്തിയെന്നും വിജിലൻസ് റിപ്പോർട്ട്...

Author : ന്യൂസ് ഡെസ്ക്

എറണാകുളം: ശബരിമല മണ്ഡലകാലത്ത് ശാന്തിമാരും ദേവസ്വം ജീവനക്കാരും നടത്തിയത് കോടികളുടെ ഇടപാടുകളെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. കഴിഞ്ഞ വർഷം നവംബർ 17 മുതൽ ഡിസംബർ 31 വരെ സന്നിധാനത്തെ എസ്ബിഐ ബ്രാഞ്ചിൽ, മാളികപ്പുറം മേൽശാന്തി നിക്ഷേപിച്ചത് 46.51 ലക്ഷം രൂപയാണെന്നും സഹായി നടത്തിയത് 1.17 ലക്ഷത്തിന്റെ ഇടപാടാണെന്നും വിജിലൻസ് കണ്ടെത്തി.

ഇക്കാലയളവിൽ എട്ട് കോടിയിൽ പരം രൂപയുടെ 1,667 ഇടപാടുകൾ ശാന്തിക്കാരും കീഴ് ശാന്തിക്കാരും ഹോട്ടലുകാരും ചേർന്ന് നടന്നത്തിയെന്നും വിജിലൻസ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ധനലക്ഷ്മി ബാങ്കിൽ 941 ഇടപാടുകളിലായി 14.45 കോടിയും എത്തിയതായി കണ്ടെത്തി. മേൽശാന്തി, ശാന്തിക്കാർ, കീഴ് ശാന്തിക്കാർ, കുത്തക പാട്ടക്കാർ തുടങ്ങി 18 അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിൽ പണമിടപാട് നടന്നത്. ഇതിലെ ചിലർ ആടിയ നെയ്യ് ശിഷ്ടം ക്രമക്കേടിലെ പ്രതികളാണെന്നും കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്. പോസ്റ്റ് ഓഫീസ് വഴി 14 ലക്ഷം രൂപയുടെ മണി ഓർഡർ അയച്ചതായും കണ്ടെത്തി. ദിവസക്കൂലിക്കാർ, ശുചീകരണക്കാർ, കടയുടമകൾ തുടങ്ങി 16 പേരാണ് പോസ്റ്റ് ഓഫീസ് വഴി പണമയച്ചത് എന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മണ്ഡലകാലത്ത് സന്നിധാനത്ത് അനധികൃത പണമിടപാട് നടക്കുന്നുവെന്ന് ശബരിമല സ്പെഷ്യൽ കമ്മീഷണർക്ക് രഹസ്യവിവരം കിട്ടിയിരുന്നു. ഈ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കോടതി നിർദേശപ്രകാരം വിജിലൻസ് അന്വേഷണം നടത്തി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.

ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ വിവാദം കത്തിനിൽക്കെയാണ് മറ്റൊരു ഞെട്ടിപ്പിക്കുന്ന കണക്ക് കൂടി പുറത്തുവരുന്നത്. ഇത് ദക്ഷിണ കിട്ടിയ പണമാണ് എന്നാണ് വിജിലൻസിന് ഇവർ നൽകിയ മൊഴി.

SCROLL FOR NEXT