വിജിലൻസ് ഡിപ്പാർട്ട്മെൻ്റ്  Source: Facebook
KERALA

ഓപ്പറേഷൻ സെക്വർ ലാൻഡ്: കേരളത്തിലെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ വിജിലൻസ് റെയ്‌ഡ്, കണ്ടെത്തിയത് വ്യാപക തട്ടിപ്പ്

കൈക്കൂലി നൽകാനായി എത്തിയ 15 ഓളം പേരിൽ നിന്ന് 1,46,375 രൂപയാണ് പിടിച്ചെടുത്തത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: കേരളത്തിലെ 72 സബ് രജിസ്ട്രാർ ഓഫീസുകളിൽ ഓപ്പറേഷൻ സെക്വർ ലാൻഡ് എന്ന പേരിൽ നടത്തിയ വിജിലൻസ് റെയ്‌ഡിൽ കണ്ടെത്തിയത് വ്യാപക തട്ടിപ്പ്. ഇടനിലക്കാരിൽ നിന്നടക്കം വിജിലൻസ് സംഘം പണം പിടിച്ചെടുത്തിട്ടുണ്ട്. ഓൺലൈൻ വഴിയും പണം കൈമാറിയതിന് തെളിവ് ലഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

സബ് രജിസ്ട്രാർ ഓഫീസുകൾ മുഖേന നൽകിവരുന്ന ആധാരം രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് ഉദ്യോഗസ്ഥർ ആധാരം എഴുത്തുകാരെ ഏജൻ്റുമാരാക്കി കൈക്കൂലി വാങ്ങുന്നു എന്ന രഹസ്യ വിവരത്തിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.

കൈക്കൂലി നൽകാനായി എത്തിയ 15 ഓളം പേരിൽ നിന്ന് 1,46,375 രൂപ പിടിച്ചെടുത്തു. റെക്കോർഡ് റൂമുകളിൽ ഒളിപ്പിച്ചുവെച്ച നിലയിൽ 37850 രൂപയും, ഉദ്യോഗസ്ഥരുടെ പക്കൽ നിന്നും കണക്കിൽ പെടാത്ത 15,240 രൂപ കണ്ടെത്തി. 19 ഉദ്യോഗസ്ഥരിൽ നിന്നും യുപിഐ ഇടപാടുകൾ നടത്തിയ 965905 രൂപയും പിടിച്ചെടുത്തവയുടെ കൂട്ടത്തിലുണ്ട്.

അതേസമയം, നിലമ്പൂർ സബ് രജിസ്റ്റർ ഓഫീസിൽ നടത്തിയ വിജിലൻസ് പരിശോധനയിൽ റെക്കോർഡ് റൂമിലെ ഫയലുകളിൽ നിന്ന് 4700 രൂപ കണ്ടെടുത്തു. ഉപയോഗിക്കാത്ത പുസ്തകങ്ങളിൽ നിന്നും പണം കണ്ടെത്തിയിട്ടുണ്ട്. യുപിഐ ട്രാൻസാക്ഷൻ വഴി ഉദ്യോഗസ്ഥരുടെ അക്കൗണ്ടിലേക്ക് 30000 രൂപ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നിലമ്പൂർ സബ് രജിസ്റ്റർ ഓഫീസിലെ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്യുമെന്ന് വിജിലൻസ് അറിയിച്ചു. ഇന്നലെ വൈകിട്ട് 4 മണിക്ക് ആരംഭിച്ച പരിശോധന രാത്രി 11:30 വരെ നീണ്ടുനിന്നിരുന്നു.

SCROLL FOR NEXT