പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞടുപ്പിമായി ബന്ധപ്പെട്ട വിഷയത്തിൽ സാന്ദ്ര തോമസിനെതിരെ വിജയ് ബാബു. സാന്ദ്രയ്ക്ക് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ച് മത്സരിക്കാൻ ആകില്ല. സെൻസർ സർട്ടിഫിക്കറ്റ് നൽകുന്നത് കമ്പനിക്കാണ്, വ്യക്തിക്കല്ല എന്ന് വിജയ് ബാബു വ്യക്തമാക്കി. സാന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സ്വന്തം കമ്പനിയുടെ പേരിൽ മത്സരിക്കുന്നതിൽ എതിർപ്പില്ല. ഫ്രൈഡേ ഫിലിം ഹൗസുമായുള്ള സാന്ദ്രയുടെ ബന്ധം 10 വർഷം മുമ്പേ കോടതി മുഖേന വേർപ്പെടുത്തിയതാണെന്നും വിജയ്ബാബു അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
സിനിമാ നിർമാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്. പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാൽ തന്റെ പേരിൽ ഒന്‍പത് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. ഈ മാസം 14നാണ് കെഎഫ്‌പിഎ വോട്ടെടുപ്പ്.
തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്ക് മത്സരിക്കാനാണ് സാന്ദ്ര പത്രിക സമര്‍പ്പിച്ചത്. എന്നാല്‍ സാന്ദ്ര സമര്‍പ്പിച്ച മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഒന്ന് പരിഗണിക്കാനാവില്ലെന്നായിരുന്നു വരണാധികാരിയുടെ നിലപാട്. ഈ വിഷയത്തില്‍ സംഘടനയില്‍ തര്‍ക്കം നടക്കുകയും ചെയ്തിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് കൊതിക്കെറുവാണെന്നാണ് സാന്ദ്ര തോമസ് പ്രതികരിച്ചത്. നിര്‍മാതാക്കളായ ജി സുരേഷ് കുമാറും സിയാദ് കോക്കറും ഗുണ്ടകളാണെന്നും സാന്ദ്ര പറഞ്ഞിരുന്നു.