കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്ന് വിജയദശമി ആഘോഷം. കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം എഴുത്തിനിരുത്തും, പ്രത്യേക പൂജകളും നടന്നു.
തുഞ്ചൻ പറമ്പിൽ എഴുത്തുകാരും, സാംസ്‌കാരിക പ്രവർത്തകരും ഉൾപ്പടെ കുരുന്നുകൾക്ക് ഹരിശ്രീ കുറിച്ചു.
ഗവർണറും മന്ത്രിമാരും ഉൾപ്പടെ എഴുത്തിനിരുത്തൽ ചടങ്ങുകളിൽ പങ്കാളികളായി. പത്തനംതിട്ട ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ വച്ച് രാജേഷ്-രേഷ്മ ദമ്പതികളുടെ മകന്‍ രക്ഷിതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദ്യാക്ഷരം കുറിച്ചു.
റോസ് ഹൗസിൽ നടന്ന ചടങ്ങിൽ ശിശു ക്ഷേമ സമിതിയിലെ കുഞ്ഞുങ്ങൾക്ക് മന്ത്രി വി. ശിവൻകുട്ടി ആദ്യാക്ഷരം കുറിച്ചു. അവിടുത്തെ ഒൻപത് കുഞ്ഞുങ്ങൾ വിദ്യാരംഭം കുറിച്ചു. അമ്മ, സ്നേഹം, നന്മ, നീതി എന്നിവയാണ് എഴുതിയത്.
രാജ്ഭവനിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ 41 കുഞ്ഞുങ്ങൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ ആദ്യാക്ഷരം കുറിച്ചു. ആദ്യാക്ഷരം കുറിച്ച കുഞ്ഞുങ്ങൾക്ക് ഗവർണർ മധുരവും സമ്മാനങ്ങളും നൽകി.