തിരുവനന്തപുരം: കോൺഫെഡറേഷൻ ഓഫ് ഇൻഡ്യൻ ഇൻഡസ്ട്രീസിൻ്റെ യുവവിഭാഗമായ യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്റർ സംഘടിപ്പിച്ച കോവളം മാരത്തണിന്റെ മൂന്നാം പതിപ്പിൽ വിനീഷ് എ.വി. ഒന്നാമനായി. അഞ്ച് വിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരത്തിൽ 42.2 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തോണിൽ മുപ്പതിനും നാല്പത്തിഅഞ്ചിനും ഇടയിൽ പ്രായമുള്ളവരിൽ നടന്ന മത്സരത്തിലാണ് വിനീഷ് എ.വി. ഒന്നാമനായത്. ഇതേ വിഭാഗത്തിൽ നവനീത് കുമാർ രണ്ടാം സ്ഥാനവും റോജൻ ബേബി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
നാല് വിഭാഗങ്ങളിലായി നടന്ന ഫുൾ മാരത്തണിൽ പതിനെട്ട് വയസിനും ഇരുപത്തി ഒൻപത് വയസിനിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ റയാൻ ആഷ്ലി, ഋഷഭ് സൂരി, ജിത്തു പി. എന്നിവർ വിജയികളായപ്പോൾ നാല്പത്തിയാറിനും അമ്പത്തിയാറ് വയസിനിടയിലുള്ളവരുടെ വിഭാഗത്തിൽ ബിജോയ് ജോണ്, ഗിരീഷ് ബാബു എസ്., ഉദയൻ എം. എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. 57 വയസിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ശ്രീകുമാർ ബി. വിജയിയായി. തിരുവനന്തപുരം ജില്ലാ കളക്ടർ അനു കുമാരിയും മകനും 21.1 കി.മി. ഹാഫ് മാരത്തണിൽ പങ്കെടുത്ത് ശ്രദ്ധ നേടി. കഴിഞ്ഞ രണ്ട് എഡിഷനിലും ഏറെ പ്രശംസ നേടിയ, ഭിന്നശേഷിക്കാർക്കായുള്ള ആക്‌സസിബിലിറ്റി റൺ ഈ വർഷവും സംഘടിപ്പിച്ചു.
യങ് ഇൻഡ്യൻസിൻ്റെ ദേശീയ പ്രതിനിധി തരംഗ് ഖുറാന ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ്, പുലർച്ചെ 3:30ന് കോവളം ലീല കൺവെൻഷൻ സെന്ററിൽ നിന്ന് ഫുൾ മാരത്തൺ ആരംഭിച്ചത്. 42.2 കിലോമീറ്റർ ഫുൾ മാരത്തണിന് പുറമേ, 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, മൂന്ന് കിലോമീറ്റർ ഫൺ റണ്ണുകൾ, ഭിന്നശേഷിക്കാർക്കായി സൂപ്പർ റൺ എന്നിവയും മൂന്നാമത് അന്താരാഷ്ട്ര കോവളം മാരത്തണിന്റെ ഭാഗമായി നടന്നു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസൺസിനും വെവ്വേറെ മത്സരം സംഘടിപ്പിച്ച മാരത്തണിൽ 1500 ലധികം പേർ പങ്കെടുത്തു.
യങ് ഇന്ത്യൻസ് ട്രിവാൻഡ്രം ചാപ്റ്ററാണ് കോവളം മരത്തോണിന്റെ മുഖ്യസംഘാടകർ. ഐക്ലൗഡ് ഹോംസാണ് മാരത്തൺ സ്പോൺസർ ചെയ്തത്. അപാർ ഇൻഡസ്ട്രീസും ലീല റാവിസും പട്ടം എസ് യു ടി ആശുപത്രിയും സഹ സ്പോൺസർമാരായി. മാരത്തണിൽ കുടിവെള്ളവും ഭക്ഷണവും എത്തിച്ച ഹോട്ടൽ പ്രശാന്താണ് പരിപാടിയുടെ ഫുഡ് പാർട്ണേഴ്സ്.
തിരുവനന്തപുരം ജില്ലാകളക്ടർ അനു കുമാരി, എംഎൽഎ എം. വിൻസെൻ്റ് എന്നിവർക്കൊപ്പം പരിചയസമ്പന്നരായ അത്‌ലറ്റുകൾ, ഫിറ്റ്നസ് പ്രേമികൾ, വിദ്യാർഥികൾ, എന്നിവർ മാരത്തോണിൻ്റെ ഭാഗമായി. ദക്ഷിണ മേഖല ഐജി ശ്യാം സുന്ദർ ഉൾപ്പെടെയുള്ളവർ ചേർന്ന് സമാപനച്ചടങ്ങിൽ മാരത്തൺ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . ഐക്ലൗഡ് ഹോംസ് ഡയറക്ടര്‍ ബിജു ജനാര്‍ദ്ദനന്‍, അപാർ ഇൻടസ്ട്രീസ് ജനറൽ മാനേജർ ആദർശ് വി.കെ. , ലീലാ റാവിസ് മാനേജർ ആതിര, എസ് യു ടി സി ഇ ഒ കേണൽ രാജീവ് മണാലി, യങ് ഇന്ത്യൻസ് ദേശീയ പ്രതിനിധി തരംഗ് ഖുറാന, ട്രിവാൻഡ്രം ചാപ്റ്റർ ചെയർപേഴ്സണ് ശങ്കരി ഉണ്ണിത്താൻ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു. മാരത്തൺ സമാപന പരിപാടിയുടെ ഭാഗമായി പട്ടം എസ് യു ടിയിലെ സ്കൂൾ ഓഫ് നഴ്സിങ് വിദ്യാർഥികളുടെ ഫ്ലാഷ് മോബും അരങ്ങേറി.