KERALA

"ഗേറ്റ് പാസ് വാങ്ങാൻ പുറത്തിറങ്ങി കുറച്ച് മുന്നോട്ട് നടന്നപ്പോൾ വലിയൊരു ശബ്ദം കേട്ടു"; വിനോദ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അപകടം നടക്കുന്നതിന് തൊട്ട് മുൻപ് വരെ ഇടിഞ്ഞുവീണ കെട്ടിടത്തിലായിരുന്നു വിനോദ് വിശ്രമിച്ചിരുന്നത്

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

കോഴിക്കോട്: വലിയങ്ങാടിയിൽ അപകടത്തിനിടയാക്കിയ കോൺക്രീറ്റ് പാളി ഇടിഞ്ഞ് വീഴുന്നതിന് തൊട്ടുമുൻപ് വരെ താൻ ആ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തി അവിടെ ചുമട്ടു തൊഴിലാളിയായി ജോലി ചെയ്തിരുന്ന വിനോദ്. മൂന്ന് പേരുടെ ജീവനെടുത്ത നടുക്കുന്ന വൻ ദുരന്തത്തിൽ നിന്നും തലനാരിഴയ്ക്കാണ് ഈ ചെറുപ്പക്കാരൻ രക്ഷപ്പെട്ടത്.

അപകടം നടക്കുന്നതിന് തൊട്ട് മുൻപ് വരെ ഇടിഞ്ഞുവീണ കെട്ടിടത്തിലായിരുന്നു വിനോദ് വിശ്രമിച്ചിരുന്നത്. എന്നാൽ വിനോദ് പുറത്തിറങ്ങിയ ഉടൻ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് സൺഷേഡ് വലിയ ശബ്ദത്തോടെ ഇടിഞ്ഞു വീഴുകയായിരുന്നു.

"ഗേറ്റ് പാസ് ഒപ്പിക്കാനും ബില്ലും കാര്യങ്ങളും ഒക്കെ നോക്കാൻ വേണ്ടിയാണ് ആ കെട്ടിടത്തിന് അടിയിൽ ഇരിക്കാറുള്ളത്. പൊട്ടിപ്പൊളിഞ്ഞ ഒരു പഴയ ബിൽഡിങ്ങാണ് അത്. ഗേറ്റ് പാസ് വാങ്ങാൻ പുറത്തിറങ്ങി കുറച്ച് മുന്നോട്ട് പോയപ്പോഴാണ് കെട്ടിടം തകർന്നു വീണത്," വിനോദ് നടുക്കത്തോടെ ഓർത്തെടുത്തു.

"പിന്നെ ഒന്നും നോക്കിയില്ല. കിട്ടിയ ആളുകളെ നുള്ളിപ്പെറുക്കി കിട്ടിയ വണ്ടിക്ക് കൈ കാണിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇനി ബാക്കി ഉള്ള ആളുകൾ ബീച്ച് ആശുപത്രിയിലാണ് ഉള്ളത്. അവിടെ പോയാലേ ബാക്കി കാര്യങ്ങളൊക്കെ അറിയുകയുള്ളൂ," വിനോദ് വേദനയോടെ പറഞ്ഞ് നിർത്തി.

SCROLL FOR NEXT