KERALA

"വാക്ക് പാഴ്‌വാക്കായി"; പഠന ചെലവിൻ്റെ സഹായം ലഭിക്കുന്നില്ലെന്ന് വിനോദിനിയുടെ കുടുംബം

ചികിത്സ പിഴവ് വരുത്തിയ ഡോക്‌ടർമാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസീത ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റിയ വിനോദിനിക്ക് മാസം തോറും ലഭിക്കേണ്ട ധനസഹായം മുടങ്ങിയെന്ന് അമ്മ പ്രസീത. നാല് മാസമായി പഠന ചെലവിൻ്റെ സഹായം ലഭിച്ചില്ല. ചികിത്സ പിഴവ് വരുത്തിയ ഡോക്‌ടർമാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും പ്രസീത ആരോപിച്ചു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരിക്കേ, വിനോദിനിക്ക് കൃത്രിമക്കൈ നൽകിയത് അടക്കമുള്ള സഹായങ്ങൾ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു.

കഴിഞ്ഞ വർഷം സെപ്തംബർ 24നാണ് സഹോദരനൊപ്പം കളിക്കുന്നതിനിടെ വിനോദിനിക്ക് വീണ് പരിക്കേറ്റത്. തുടർന്ന് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ കാണിച്ചപ്പോൾ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. തുടർന്ന് ജില്ലാ ആശുപത്രിയിൽ നിന്നും എക്സ് റേ എടുത്ത് പ്ലാസ്റ്റർ ഇട്ട് വിട്ടയച്ചു.

വേദന കൂടിയതോടെ 25ന് വീണ്ടും ചികിത്സ തേടി. കയ്യൊടിഞ്ഞാൽ വേദനയുണ്ടാവും എന്ന് പറഞ്ഞ് വീണ്ടും തിരിച്ചയക്കുകയാണ് ഉണ്ടായത്. ഇതിനിടെ പെൺകുട്ടിയുടെ കയ്യിലെ നിറം മാറുകയും വേദന കൂടുകയും ചെയ്തതോടെ കുടുംബം മുപ്പതാം തീയതി വീണ്ടും ആശുപത്രിയിൽ എത്തി.

പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ സ്വകാര്യ ആശുപത്രിയിലേക്ക് പോവാനാണ് പറഞ്ഞതെന്നും കുട്ടിയുടെ മാതാവ് പ്രസീത ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു. ഇതോടെ ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയിലാണ് വിനോദിനിയുടെ കൈ മുറിച്ചു മാറ്റിയത്.

SCROLL FOR NEXT