വിഷ്ണുപുരം ചന്ദ്രശേഖരൻ 
KERALA

എൻഡിഎയിൽ അതൃപ്തിയുണ്ട്, എന്നാൽ യുഡിഎഫിലേക്കില്ല: വിഷ്ണുപുരം ചന്ദ്രശേഖരൻ

രാജീവ് ചന്ദ്രശേഖർ വന്ന ശേഷം എൻഡിഎയിൽ അത്യാവശ്യം അംഗീകാരം കിട്ടിയിട്ടുണ്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. എൻഡിഎയിൽ അതൃപ്തിയുണ്ടെങ്കിലും യുഡിഎഫിൽ ചേരാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. യുഡിഎഫുമായി ചർച്ച നടത്തിയിട്ടില്ലെന്നും നടത്തിയെങ്കിൽ തെളിവ് പുറത്തു വിടണമെന്നും ചന്ദ്രശേഖരൻ വെല്ലുവിളിച്ചു.

സംഘപരിവാർ പശ്ചാത്തലമുള്ളയാളാണ് താനെന്നും എൻഡിഎ വൈസ് ചെയർമാൻ എന്ന നിലയിൽ സജീവമാണെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു. ഘടകകക്ഷിയെന്ന നിലയിൽ വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന കാര്യത്തിൽ എൻഡിഎയിൽ അതൃപ്തിയുണ്ട്. അതൃപ്തി പരിവാർ പ്രസ്ഥാനങ്ങൾ ഇടപെട്ട് പരിഹരിക്കും. അതിനുപകരം അപേക്ഷ കൊടുത്തുവെന്ന് പറയുന്നത് ശരിയല്ലെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

യുഡിഎഫ് നേതാക്കളുമായി നല്ല ബന്ധമാണ്. എൻഡിഎയിൽ തൃപ്തനല്ലെന്ന കാര്യം അവരോട് പറഞ്ഞിരുന്നു. എന്നാൽ രാജീവ് ചന്ദ്രശേഖർ വന്ന ശേഷം അത്യാവശ്യം അംഗീകാരം കിട്ടിയിട്ടുണ്ട്. നാളെ തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന കമ്മിറ്റി കൂടും. എൻഡിഎയിൽ നിന്ന് ചാടിപ്പോകാൻ മാത്രം അതൃപ്തിയില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.

കൊച്ചിയിൽ ചേർന്ന മുന്നണി യോഗത്തിന് പിന്നാലെയാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ യുഡിഎഫിലെത്തുന്നെന്ന വാർത്ത പുറത്തെത്തിയത്. പി.വി. അൻവറിൻ്റെയും സി.കെ. ജാനുവിൻ്റെയും പാർട്ടികൾക്ക് അസോസിയേറ്റ് അംഗത്വം നൽകാൻ മുന്നണിയിൽ ധാരണയായിരുന്നു. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. സീറ്റ് വിഭജനം നേരത്തെ തീർക്കും. ജനുവരിയിൽ സീറ്റ് വിഭജനം തീർക്കാൻ യോഗത്തിൽ ധാരണയായിട്ടുണ്ട്.

SCROLL FOR NEXT