KERALA

"എല്ലാ ബാധ്യതകളിലും പിടിച്ച് നിന്നത് ലോട്ടറിക്കച്ചവടത്തിലൂടെ"; ഭാഗ്യം തേടിവന്നെങ്കിലും തൊഴിൽ ഉപേക്ഷിക്കില്ലെന്ന് വിഷു ബംപർ വിജയി പൊന്നൻ

തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ വച്ചാണ് ഭാഗ്യശാലിയെ കണ്ടെത്തിയത്.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: സംസ്ഥാന സർക്കാരിന്റെ വിഷു ബമ്പർ ഭാഗ്യം ഇക്കുറി ലഭിച്ചത് കൊല്ലം സ്വദേശിയായ ഒരു ലോട്ടറി കച്ചവടക്കാരനാണ്. ആനയടി സ്വദേശി പൊന്നനെയാണ് ഭാഗ്യദേവത അനുഗ്രഹിച്ചത്. പാവുമ്പയിൽ നിന്നെടുത്ത ടിക്കറ്റിനാണ് സമ്മാനം. പ്രതിസന്ധികൾ തരണം ചെയ്തുകഴിഞ്ഞെന്നും ചെറിയ കടങ്ങൾ വീട്ടാനുള്ളത് തീർത്ത ശേഷം ബാക്കി തുക എന്ത് ചെയ്യണമെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും പൊന്നൻ വ്യക്തമാക്കി. എല്ലാ ബാധ്യതകളിലും താൻ പിടിച്ച് നിന്നത് ലോട്ടറിടിക്കറ്റ് കച്ചവടത്തിലൂടെയാണ്. ഇന്ന് ഭാഗ്യം വന്നെങ്കിലും തൊഴിൽ ഉപേക്ഷിക്കില്ലെന്ന് പൊന്നൻ പറഞ്ഞു.

സംസ്ഥാന ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന ടിക്കറ്റിനാണ് അടിച്ചത്. സമ്മാനം പ്രഖ്യാപിച്ചതിന് പിന്നാലെ ഭാഗ്യവാനെ തേടി മലയാളികൾ പതിവ് തെരച്ചിൽ ആരംഭിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസ് ഏജൻ്റ് ഡി. അനിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്ന് ഉറപ്പായതോടെ അന്വേഷണം കൊല്ലം ജില്ലയിലേക്ക് കടന്നു. ആ അന്വേഷണം അതിർത്തി പ്രദേശമായ ആനയടിയിൽ ലോട്ടറി വിൽക്കുന്ന പൊന്നനിലേക്ക് എത്താൻ അധികസമയം വേണ്ടി വന്നില്ല. സമ്മാനം ലഭിച്ച ടിക്കറ്റുയർത്തി കാണാനെത്തിയവരോട് പൊന്നനും കുടുംബവും സന്തോഷം പങ്കുവെച്ചു.

ഭാഗ്യം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും പൊന്നൻ പറഞ്ഞു. കഷ്ടപ്പെട്ട് ജീവിതം നയിക്കുന്ന പൊന്നന് സമ്മാനം ലഭിച്ചതിൽ സുഹൃത്തുക്കൾക്കും കുടുംബത്തിനും സന്തോഷമാണ്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകൾക്കും സമാശ്വാസ സമ്മാനമായി അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കും. വിഷു ബംപറിൽ റെക്കോർഡ് വില്പനയാണ് ഇത്തവണയുണ്ടായത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു.11,58,480 ടിക്കറ്റുകൾ വിറ്റ പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്.

SCROLL FOR NEXT