KERALA

വിസ്മയ കേസിലെ പ്രതി കിരണിന് മർദനം; നാലുപേർക്കെതിരെ കേസ്

റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിൻ്റെ കാര്യം പറഞ്ഞ് കിരണിനെ മർദിക്കുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊല്ലം: വിസ്മയ കേസിലെ പ്രതി കിരണിനെ മർദിച്ച കേസിൽ നാലുപേർക്കെതിരെ കേസ്. കൊല്ലം ശൂരനാട് പൊലീസാണ് കേസെടുത്തത്. ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് കിരണിനെ മർദിച്ചത്. റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രതികൾ വിസ്മയ കേസിൻ്റെ കാര്യം പറഞ്ഞ് കിരണിനെ വെല്ലുവിളിക്കുകയും പിന്നീട് മർദിക്കുകയുമായിരുന്നു.

മർദിച്ച് അവശനായതോടെ കിരണിൻ്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയുകയും ചെയ്തു. ജനുവരി 12 ന് രാത്രിയോടെയായിരുന്നു സംഭവം.അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും ശൂരനാട് പൊലീസ് അറിയിച്ചു.

2021 ജൂണ്‍ 21നായിരുന്നു ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ ഭര്‍ത്താവിൻ്റെ വീട്ടില്‍ വച്ച് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 2020 മെയ് 20നായിരുന്നു ഇരുവരുടേയും വിവാഹം. സ്ത്രീധനത്തിൻ്റെ പേരിൽ നിരന്തരം പീഡനം നേരിട്ടിരുന്നുവെന്ന് വിസ്മയ വീട്ടുകാരോട് പറഞ്ഞിരുന്നു.

വിസ്മയയുടെ ചാറ്റടക്കം ഉൾപ്പെടുത്തി കൊണ്ട് വിസ്മയയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനുപിന്നാലെ കിരണിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 10 വർഷം തടവ് ശിക്ഷ വിധിച്ചതോടെ കിരൺ സുപ്രീം കോടതിയെ സമീപിച്ചു. തുടർന്ന് സുപ്രീം കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

SCROLL FOR NEXT