കൊച്ചി: മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ ഇടപെട്ടുവെന്ന വെളിപ്പെടുത്തലുമായി കൊച്ചി മേയര്‍ വി.കെ മിനിമോള്‍. മേയര്‍ പദവി തനിക്ക് ലഭിക്കാന്‍ പിതാക്കന്മാര്‍ സംസാരിച്ചു.
പദവികള്‍ തീരുമാനിച്ചപ്പോള്‍ സംഘടനയുടെ ശക്തി കാണിക്കാന്‍ സാധിച്ചുവെന്നും സഭയില്‍ നിന്ന് ശബ്ദം ഉയര്‍ത്തിയതിന് ഉത്തരം ലഭിച്ചിട്ടുണ്ടെന്നും വി.കെ. മിനിമോള്‍ പറഞ്ഞു.
കൊച്ചിയില്‍ നടന്ന കെആര്‍എല്‍സിയുടെ ജനറല്‍ അസംബ്ലി മീറ്റിങ്ങില്‍ വെച്ചായിരുന്നു മേയറുടെ വെളിപ്പെടുത്തല്‍. സമുദായം ശബ്ദമുയര്‍ത്തിയപ്പോഴാണ് കൊച്ചി മേയര്‍ പദവി തനിക്ക് ലഭിച്ചത്. പലപ്പോഴും അര്‍ഹതയ്ക്കപ്പുറമുള്ളവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുമ്പോള്‍ അവിടെ ശബ്ദമുയര്‍ത്താന്‍ സംഘടനയ്ക്ക് സാധിച്ചു എന്നതാണ് മനസിലാക്കുന്നത് എന്നും മിനിമോള്‍ പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസിനെ മറികടന്നാണ് വി.കെ. മിനിമോള്‍ മയേര്‍ പദവിയിലേക്കെത്തിയത്. മേയര്‍ പദവിയിലെത്തി ദിവസങ്ങള്‍ക്ക് ശേഷണാണ് വികെ മിനിമോളുടെ പ്രസ്താവന.
ലത്തീന്‍ സഭയില്‍പ്പെട്ട വി.കെ. മിനിമോള്‍, ഷൈനി മാത്യു എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ ഉയര്‍ന്നുകേട്ടത്. രാഷ്ട്രീയ-സാമുദായിക ധാരണ പ്രകാരം മേയറായി മിനിമോളെ തെരഞ്ഞെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ തര്‍ക്കങ്ങളും ഉടലെടുത്തിരുന്നു.
അതേസമയം, മേയറുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കെഎല്‍ആര്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരികിച്ചു. സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സഭ സംസാരിച്ചതെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് വ്യക്തമാക്കി.