രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയവർക്കും സൈബർ ആക്രമണം നടത്തുന്നവർക്കുമെതിരെ കർശന നടപടിയെടുക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്. പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയായ സെക്ഷ്വൽ പെർവർട്ടിനു വേണ്ടി കോൺഗ്രസ് നേതൃത്വമാകെ നിലകൊള്ളുന്നു എന്നതിന്റെ നിരവധി തെളിവുകളാണ് പുറത്തുവരുന്നതെന്നും വി.കെ. സനോജ് പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു സനോജിൻ്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
പാലക്കാട്ടെ കോൺഗ്രസ് എംഎൽഎയായ സെക്ഷ്വൽ പെർവർട്ടിനു വേണ്ടി കോൺഗ്രസ് നേതൃത്വമാകെ നിലകൊള്ളുന്നു എന്നതിന്റെ നിരവധി തെളിവുകൾ പുറത്തുവരികയാണ്. കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ ഇന്നത്തെ മുഖപ്രസംഗം അയാളെ ന്യായീകരിക്കുന്നതാണ്. യുഡിഎഫിന്റെ കൺവീനറും മുതിർന്ന നേതാക്കളുമെല്ലാം അയാൾക്ക് വേണ്ടി ശക്തമായി വാദിക്കുന്നുന്നത് നാം കണ്ടു.
ഇപ്പോഴിതാ ഇരയെ അപമാനിക്കുവാനും ഭീഷണിപ്പെടുത്താനും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തി കൊണ്ട് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ രംഗത്ത് എത്തിയിക്കുകയാണ്. ഇരയുടെ ഫോട്ടോയും ജോലിസ്ഥലവുമെല്ലാം വ്യക്തമാക്കിക്കൊണ്ട് പരാതിക്കാരിയെ യൂത്ത് കോൺഗ്രസിന്റെ സൈബർ ക്രിമിനലുകൾക്ക് കൊത്തി വലിക്കാൻ ഇട്ട് കൊടുത്തിരിക്കയാണ്.
BNS സെക്ഷൻ 72 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യമാണ് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപിന്റേത്.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയവർക്കെതിരെയും ആ പെൺകുട്ടിയെ പിന്തുണച്ചവരെ സൈബർ സ്‌പെയ്സിൽ ആക്രമിക്കുന്നവർക്കെതിരെയും കർശനമായ നടപടികൾ സ്വീകരിക്കണം.
അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പോസ്റ്റുകളിട്ട രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യര്‍ക്കും എതിരെ പ്രതിഷേധം ശക്തമാകുകയാണ്. ഇരയിലേക്ക് സൂചന നല്‍കുന്ന വിവരങ്ങളുമായി രാഹുല്‍ ഈശ്വര്‍ വീഡിയോ ചെയ്തിരുന്നു. രാഹുല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയെന്ന് കാണിച്ച് സന്ദീപ് വാര്യര്‍ പിന്നാലെ പോസ്റ്റിട്ടു. ഈ പോസ്റ്റുകളിലെ വിവരങ്ങള്‍ എടുത്താണ് രാഹുൽ അനുകൂല ഗ്രൂപ്പുകള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്. സൈബർ ആക്രമണത്തിന് വഴിയൊരുക്കിയ ശേഷം സന്ദീപ് വാര്യർ പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.