വി.എൻ. വാസവൻ 
KERALA

അയ്യപ്പൻ്റെ മുതൽ ആര് കൊണ്ടുപോയാലും അവരെ പിടികൂടും, സമഗ്രമായ അന്വേഷണം ഉണ്ടാകും: വി.എൻ. വാസവൻ

കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു

Author : ന്യൂസ് ഡെസ്ക്

പത്തനംതിട്ട: സ്വർണപാളി വിവാദത്തിൽ വിഷയത്തിൽ സർക്കാർ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ. സമഗ്രമായ അന്വേഷണം ഉണ്ടാകും. അന്വേഷണത്തിന്റെ മേൽനോട്ടം ജഡ്ജ് വഹിക്കും. ഇപ്പോൾ നടക്കുന്ന കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കും. അയ്യപ്പൻ്റെ മുതൽ ആര് കൊണ്ടുപോയാലും അവരെ പിടികൂടുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

വിഷയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണം. എവിടെയെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. ദേവസ്വം ബോർഡിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രതികരിക്കും. മാനദണ്ഡങ്ങൾ പാലിച്ചാണ് ദേവസ്വം ബോർഡ് പ്രവർത്തിച്ചത്. മാന്വവൽ പ്രകാരമാണ് നടപടിക്രമങ്ങളെന്നും വി.എൻ. വാസവൻ പറഞ്ഞു.

ഹൈക്കോടതി മേൽ നോട്ടത്തിലാണ് കാര്യങ്ങൾ നടക്കുന്നത്. സമഗ്രമായ അന്വേഷണം തന്നെ നടക്കട്ടെ. ഉണ്ണികൃഷ്ണൻ പോറ്റിയിലേക്ക് കാര്യങ്ങളെത്തി എന്നതിൽ അടക്കം അന്വേഷണം നടക്കട്ടെ. ആര് എന്ത് കട്ടുകൊണ്ട് പോയാലും പിടികൂടുക എന്നതാണ് സർക്കാർ ലക്ഷ്യം. കോടതിയിൽ വിശ്വാസം അർപ്പിച്ചാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും വി.എൻ. വാസവൻ കൂട്ടിച്ചേർത്തു.

ശബരിമല ശ്രീകോവിലിൻ്റെ പേരിലും വിവാദ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ വൻ തട്ടിപ്പിൻ്റെ വിവരങ്ങളാണ് പുറത്തുവന്നത്. ശ്രീകോവിൽ കവാടമെന്ന പേരിൽ 2019ൽ ചെന്നൈയിൽ പൂജ സംഘടിപ്പിച്ചു. ശബരിമല ശ്രീകോവിലിൻ്റെ വാതിൽ കട്ടിള എന്ന പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റി ചെന്നൈയിൽ പൂജ സംഘടിപ്പിച്ചത്. നടൻ ജയറാമും ഗായകൻ വീരമണിയും അടക്കമുള്ള പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. നെയ്യഭിഷേകത്തിൻ്റെ പേരിലും ഉണ്ണികൃഷ്ണൻ പോറ്റി തട്ടിപ്പ് നടത്തിയതിൻ്റെ വിവരങ്ങൾ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു.

SCROLL FOR NEXT