പാലോട് രവിയും സണ്ണി ജോസഫും  Source: Facebook/ Palode Ravi and Sunny Joseph
KERALA

ശബ്‌ദസന്ദേശ വിവാദം; പാലോട് രവിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

എൽഡിഎഫ് മൂന്നാമതും ഭരണത്തിൽ വരുമെന്ന പാലോട് രവിയുടെ പ്രതികരണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: ശബ്ദസന്ദേശ വിവാദത്തിൽ പാലോട് രവിക്കെതിരെ നടപടി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എഐസിസി നേതാക്കളുമായി വിഷയം സംസാരിച്ചിട്ടുണ്ട്. സംഭാഷണം താൻ കണ്ടില്ല. എന്നാൽ പാലോട് രവിയുമായി സംസാരിച്ചുവെന്നും കെപിസിസി പ്രസിഡൻ്റ് പറഞ്ഞു.

ശബ്ദസന്ദേശ വിവാദത്തിൽ എഐസിസി കെപിസിസി നേതൃത്വത്തിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പുറത്ത് വന്ന ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് അറിയിച്ചു. എൽഡിഎഫ് മൂന്നാമതും ഭരണത്തിൽ വരുമെന്ന പാലോട് രവിയുടെ പ്രതികരണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. പ്രസ്താവന വിവാദമായതോടെ ഒരു പ്രവർത്തകന് നൽകിയ ഉപദേശമെന്ന വിശദീകരണവുമായി പാലോട് രവി രംഗത്തെത്തി.

അടുത്ത തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് മൂക്കുംകുത്തി താഴെ വീഴുമെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ അദ്ദേഹം പറയുന്നത്. ബിജെപി കാശ് കൊടുത്ത് വോട്ട് വാങ്ങും.തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നും പാലോട് രവി കോണ്‍ഗ്രസ് പ്രവർത്തകനോട് പറയുന്നു. എന്നാല്‍, ആ ശബ്ദസന്ദേശം പുറത്തു വരാൻ പാടില്ലായിരുന്നുവെന്നും ഒരു പ്രവർത്തകന് നൽകിയ ഉപദേശമാണെന്നുമായിരുന്നു പാലോട് രവിയുടെ വിശദീകരണം.

"വാർഡില്‍ പ്രവർത്തിക്കാന്‍ കോണ്‍ഗ്രസിന് ആളില്ല. നാട്ടിലിറങ്ങി ജനങ്ങളോട് സംസാരിക്കാന്‍ പത്ത് ശതമാനം സ്ഥലത്തെ നമുക്ക് ആളൊള്ളു. ഇത് മനസിലാക്കാതെ മുന്നോട്ട് പോയാല്‍ വെറുതെ വീരവാദം പറഞ്ഞു നമുക്ക് നടക്കാമെന്നേയുള്ളൂ. ഈ പാർട്ടിയെ ഗ്രൂപ്പും താല്‍പ്പര്യവും പറഞ്ഞു കുഴിച്ചുമൂടുന്നതിൻ്റെ ഉത്തരവാദിത്തം നമുക്കാണ്," പാലോട് രവി പറഞ്ഞു.

പ്രസ്താനയ്ക്ക് പിന്നാലെ പാലോട് രവിക്കെതിരെ സൈബര്‍ ആക്രമണം കടുത്തു. നാണവും മാനവുമില്ലേ ഈ സ്ഥാനത്ത് ഇരുന്ന് ഇങ്ങനെ പറയാന്‍?, പോയി മലപ്പുറം ഡിസിസി അധ്യക്ഷന്‍ ജോയിയെ കണ്ടു പഠിക്ക് പണിയെടുക്കാന്‍ അറിയില്ലെങ്കില്‍ രാജിവെച്ച് പുറത്തുപോ'' എന്നു തുടങ്ങി നിരവധി കമൻ്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

SCROLL FOR NEXT