പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ പൊതു ദര്‍ശനം അവസാനിച്ചത് 2.41നാണ്. രണ്ട് മണിക്കൂര്‍ പിന്നിട്ടിട്ടും ജനം ഒഴുകിയെത്തുകയായിരുന്നു വേലിക്കകത്ത് വീട്ടിലേക്ക്. ഇവിടെ നിന്നും വിഎസിന്റെ ഭൗതിക ശരീരം ആലപ്പുഴയിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് എത്തിക്കുന്നത്.
ജില്ലാ കമ്മിറ്റി ഓഫീസിലും സംസ്‌കാരം നടക്കാനിരിക്കുന്ന വലിയ ചുടുകാട്ടിലും കാറ്റും മഴയും വകവയ്ക്കാതെ ജനം തടിച്ചു കൂടിയിരിക്കുകയാണ്. രണ്ട് തവണ പെരുമഴ പെയ്തിറങ്ങിയിട്ടും ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഗേറ്റിനുമുന്നില്‍ ജനം വിഎസിന് അന്തിമോപചാരം അര്‍പ്പിക്കാനായി കാത്തിരിക്കുകയാണ്. പുന്നപ്രയുടെ മണ്ണിലേക്ക് കേരളമാകെ ഒഴുകിയെത്തുന്ന കാഴ്ചയാണ് കാണുന്നത്.
പുന്നപ്രയിലെ വീട്ടില്‍ പൊതുദര്‍ശനം വെട്ടിച്ചുരുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ജനം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ പൊതുദര്‍ശനം രണ്ട് മണിക്കൂറോളം നീണ്ടു. 2.30ന് ശേഷമാണ് ഭൗതിക ശരീരം വേലിക്കകത്ത് വീട്ടില്‍ നിന്നുമെടുക്കുന്നത്.
ഏഴ് മണിക്കൂറില്‍ ആലപ്പുഴയിലെ വസതിയില്‍ എത്തുമെന്നു കരുതിയ വിലാപയാത്ര 22 മണിക്കൂര്‍ പിന്നിട്ടാണ് ആലപ്പുഴ ജില്ലയിലേക്ക് കടന്നത്. വിലാപയാത്ര പോകുന്ന വഴികളിലൊക്കെ രാത്രി കനത്ത മഴ പെയ്തിരുന്നു. എന്നാല്‍ ഏതേ പേമാരിയിലും കുതിരാത്ത വിപ്ലവ വീര്യമാണ് വി എസ് എന്ന് തെളിയിക്കുന്നതായിരുന്നു മഴ നനഞ്ഞും മുദ്രാവാക്യം വിളികളുമായി കാത്തുനിന്ന പതിനായിരങ്ങള്‍. അതെ അക്ഷരാര്‍ത്ഥത്തില്‍ കേരളം ചുരുങ്ങുകയായിരുന്നു വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക്.