ഇരുപത്തിരണ്ട് മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്ക് ശേഷമാണ് വിഎസിന്റെ മൃതദേഹം ആലപ്പുഴയില്‍ എത്തിച്ചത്. ദേശീയപാതയുടെ ഇരുവശവും മനുഷ്യ മതില്‍ പോലെ ജനാവലി നിന്ന് വിഎസിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. (Image: Facebook) വിഎസ് എന്ന രണ്ടക്ഷരത്തിലേക്ക് കേരളത്തിന്റെ ജനസഞ്ചയം ഒഴുകി കുറുകിയ 22 മണിക്കൂറുകള്‍. തോല്‍വികളെ ഭുജിക്കുകയും ജനഹൃദയങ്ങളെ ജയിക്കുകയും ചെയ്ത വിപ്ലവനേതാവിന് കേരളം നല്‍കിയത് ചരിത്രത്തില്‍ സമാനതകളില്ലാത്ത അന്ത്യയാത്ര. (Image: Facebook)
അനീതിക്ക് നേരെ തുറിച്ച, അടയ്ക്കാത്ത കണ്ണ്. സമരമുഖങ്ങളിലെ, അചഞ്ചലമായ കരളുറപ്പ്. അങ്ങനെ കേരളത്തിന്റെ കണ്ണും കരളുമായ വിഎസ്. പ്രത്യാശയുടെ പിതൃസ്വരൂപമായി വര്‍ത്തമാനകാല കേരളത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിച്ച വിഎസിന് കേരളം നല്‍കിയത് സമാനതകളില്ലാത്ത അന്ത്യാഭിവാദ്യം. (Image: facebook)ഇന്നലെ ഉച്ചയ്ക്ക് 2.20ഓടെയാണ് തിരുവനന്തപുരം ദര്‍ബാര്‍ ഹാളില്‍ നിന്ന് വിലാപയാത്ര തുടങ്ങിയത്. വിലാപയാത്ര കഴക്കൂട്ടത്ത് എത്താന്‍ മാത്രം എടുത്തത് അഞ്ചര മണിക്കൂര്‍. ജനധാരകള്‍ ദേശീയപാതയിലേക്ക് ഒഴുകിയെത്തി ആള്‍ക്കടലായി മാറി. (Image: Facebook)പിന്നെ രാത്രി ഏറെ വൈകിയിട്ടും പാതയോരങ്ങള്‍ ഒഴിഞ്ഞില്ല. സ്ത്രീപീഡകരെ കയ്യാമം വെച്ച് തെരുവിലൂടെ തേരാപ്പാര നടത്തിക്കും എന്ന് പ്രഖ്യാപിച്ച നേതാവിനെ കാണാന്‍ സ്ത്രീകളടക്കം കാത്തുനിന്നു. പൊതുരംഗത്ത് വിഎസിനെ ഇന്നേവരെ കണ്ടിട്ടില്ലാത്ത കുട്ടികള്‍, കേട്ടറിവിന്റെ ആവേശ തിരയിളക്കത്തോടെ എത്തി.
(Image: Facebook)കേരളത്തിന്റെ സാമൂഹിക പരിണാമത്തിനൊപ്പം സഞ്ചരിച്ച വൃദ്ധജനങ്ങള്‍ക്ക്, വിഎസിന്റെ രാഷ്ട്രീയപ്രവര്‍ത്തനം അവരുടെ ജീവിതപ്രയാണത്തിനൊരു സമാന്തരമാണ്. അതുകൊണ്ട് പ്രായാധിക്യത്തിന്റെ അവശതകളെ സ്‌നേഹാഭിമുഖ്യത്താല്‍ അതിവര്‍ത്തിച്ച് അവരെത്തി.
(Image: Facebook)കോരിച്ചൊരിയുന്ന മഴയത്തും പ്രിയ സഖാക്കള്‍ക്ക് ചങ്കിലെ കെടാക്കനലായി വിഎസ്. വെട്ടിനിരത്തല്‍ സമരമെന്ന് ചില മാധ്യമങ്ങള്‍ ചാപ്പകുത്തിയിട്ടും, ചരിത്രത്തില്‍ നെല്‍വയല്‍ സംരക്ഷണ സമരമെന്ന് മുദ്രണം ചെയ്യപ്പെട്ട പ്രക്ഷോഭത്തിന്റെ പ്രയോക്താവ് വിഎസായിരുന്നു. അതുകൊണ്ട് തന്നെ മണ്ണിലെ നനവ് കാത്ത് സൂക്ഷിച്ച നേതാവിനായി കര്‍ഷക തൊഴിലാളികള്‍ എത്തി. തിരുവതാംകൂറിലെ ആദ്യ കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവിന് തൊഴിലാളികളുടെ അന്ത്യാഭിവാദ്യം.
(Image: Facebook)ആലപ്പുഴ ആസ്പിന്‍വാള്‍ കമ്പനിയില്‍ നിന്ന് തുടങ്ങിയ തൊഴിലാളി സംഘാടകന്, തൊഴിലാളികളുടെ മണ്ണായ കൊല്ലത്തേക്ക് കടന്നപ്പോള്‍ ജനസാഗരം കണ്ണീര്‍ പ്രണാമം അര്‍പ്പിച്ചു. അപ്പോഴേക്കും അര്‍ധരാത്രി പിന്നിട്ടിരുന്നു. പക്ഷെ ഓര്‍മക്കനല്‍ ഓരോരുത്തരുടെയും ചങ്കില്‍ സൂര്യനെപ്പോലെ കത്തി. അവര്‍ റോസാപ്പൂക്കളുമായി കാത്ത് നിന്നു.
(Image: Facebook)നിശ്ചയിച്ച സ്ഥലങ്ങളില്‍ മാത്രമല്ല വിലാപയാത്ര നിര്‍ത്തിയത്. ആള്‍ക്കൂട്ടം ഉള്ളിടത്തൊക്കെ ബസിന് വേഗത കുറയ്‌ക്കേണ്ടി വന്നു. കാരണം ചരിത്ര പുരുഷന് അന്ത്യഭിവാദ്യം അര്‍പ്പിക്കാന്‍ അര്‍ധരാത്രിയും കാത്തുനിന്നവരെ നിരാശരാക്കി കടന്നുപോകാന്‍ കഴിയുമായിരുന്നില്ല.(Image: Facebook)ആലപ്പുഴ ജില്ലയിലേക്ക് കടന്നപ്പോള്‍ പുലര്‍ച്ചെയായി. കാസര്‍കോട് നിന്ന് വന്നവരടക്കം വഴിയോരത്ത് ഉണ്ടായിരുന്നു. പോരാട്ടങ്ങളുടെ പൊരുളും പ്രതീകവുമായ ഇതിഹാസ ജീവിതത്തിന് അവര്‍ പുഷ്പാര്‍ച്ചന നടത്തി. (Image: Facebook)ദിവാന്‍ വാഴ്ചയ്ക്ക് എതിരെ പോരാടി വിഎസ് പാര്‍ട്ടി വളര്‍ത്തിയ മണ്ണില്‍, സമരനായകനായി കണ്ണീരാരവങ്ങള്‍ ഉയര്‍ന്നു. 22 മണിക്കൂര്‍ പിന്നീട്ട് ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് വിഎസിന്റെ മൃതദേഹം വേലിക്കകത്ത് വീട്ടില്‍ എത്തിച്ചത്. (Image: Facebook)
സംഘടന ശരീരത്തിന്റെ പേശിബലത്തിന് അപ്പുറം പ്രത്യയശാസ്ത്ര ആത്മാവിന്റെ ആവിഷ്‌കാരമായിരുന്നു വിഎസ്. അതുകൊണ്ട് തന്നെ മലയാളിയുടെ ആത്മാവില്‍ വിഎസ് എന്ന ദ്വയാക്ഷരം എക്കാലത്തേക്കും മുദ്രണം ചെയ്യപ്പെട്ട് കിടക്കും. (Image: Facebook)