വി.എസ്. അച്യുതാനന്ദൻ 
KERALA

വിപ്ലവ സൂര്യന് കണ്ണീ​രോടെ വിട ചൊല്ലാൻ നാട്; രാവിലെ ദർബാർ ഹാളിൽ പൊതുദർശനം: സംസ്ഥാനത്ത് ഇന്ന് പൊതുഅവധി

ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സമരനായകൻ വിഎസ് അച്യുതാനന്ദന് വിട നൽകാൻ ഒരുങ്ങുകയാണ് കേരളം. തിരുവനന്തപുരത്തെ വീട്ടിലുള്ള മൃതദേഹം രാവിലെ 9 മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലെത്തിക്കും. പാളയം മുതൽ ആരംഭിക്കുന്ന വിലാപ യാത്രക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക്‌ശേഷം വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്. വിഎസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായാണ് അവധി പ്രഖ്യാപിച്ചത്. പൊതുപരിപാടികൾ ഉണ്ടാവില്ല. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണവും നടത്തും. സർക്കാർ ഓഫീസുകൾക്കും സ്കൂളുകൾക്കും ബാങ്കുകൾക്കും നാളെ അവധിയായിരിക്കും. നാളെ ആലപ്പുഴ ജില്ലയ്ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകീട്ടായിരുന്നു വിഎസിൻ്റെ അന്ത്യം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സിപിഎം നേതാക്കളും ആശുപത്രിയിലുണ്ടായിരുന്നു. പിന്നീട് ഭൗതികദേഹം പൊതുദര്‍ശനത്തിനായി തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു. പ്രിയപ്പെട്ട നേതാവിനെ അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത് ജനസാഗരമാണ്.

SCROLL FOR NEXT